20070307

കരിന്പട്ടിക(ഇടിവെട്ട് കവിത)



വൃത്തവും അലങ്കാരവും-

പണ്ടേ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ‍

എനിക്ക്‌ കലി കയറുമായിരുന്നു.

കലി മൂത്തതുകൊണ്ടാണ്‌

ലഘുവും ഗുരുവും തിരഞ്ഞ്‌

കവിതയുടെ ജാതകം നോക്കാന്‍ ‍

പഠിപ്പിച്ചിരുന്ന ഏലിയാമ്മ ടീച്ചറെ

ഒമ്പത്‌-എയില്‍നിന്ന്‌ ഞാന്‍

കരിമ്പട്ടികയിലേക്ക്‌ നാടു കടത്തിയത്‌.

കരിമ്പട്ടികയില്‍ ടീച്ചര്‍ തനിച്ചായിരുന്നില്ല,

പ്രൈമറി സ്കൂള്‍ മുതല്‍ എന്നെ

കണക്കു പഠിപ്പിച്ചിരുന്ന

അധ്യാപകരെല്ലാം ഉണ്ടായിരുന്നു.


ആശാനും ഉള്ളൂരുമൊക്കെ

എഴുതിയത്‌ വൃത്തം വെച്ചാണോ?

എന്‍റെ സംശയം ന്യായമായിരുന്നു.

ആണെന്നും അതുകൊണ്ടാണ്‌

അവരുടെ കവിതകള്‍ക്ക്‌

ആകര്‍ഷകമായ താളമുള്ളതെന്നും

പലരും പറഞ്ഞു.

ആ കവിതകള്‍ ഇഷ്ടമായിരുന്നെങ്കിലും

അതില്‍ വൃത്തവും അലങ്കാരവും

ചികയാന്‍ പോകുന്നവര്‍ക്കൊക്കെ

കണക്ക്‌ അധ്യാപകരുടെ ഛായ തോന്നി.

പരീക്ഷാ ചോദ്യപേപ്പറുകളില്‍ ‍

വൃത്തവും അലങ്കാരവും

നിര്‍ണയിക്കാനുള്ള ചോദ്യത്തെ

പ്രതികാരത്തോടെ തഴയുന്നത്‌

ഞാന്‍ പതിവാക്കി.


കോളജില്‍ പഠിക്കുമ്പോള്‍‍

കവിത എഴുതണമെന്ന്‌ പൂതി.

നാലാള്‍ ശ്രദ്ധിക്കണമെങ്കില്‍‍

താളമുള്ളതുതന്നെയാവണം.

കരിമ്പട്ടികയില്‍ അപ്പോള്‍

തിരക്ക്‌ ഏറിയിരുന്നു.

ഏലിയാമ്മ ടീച്ചര്‍ക്കും

കണക്ക്‌ ആധ്യാപകര്‍ക്കുമൊപ്പം

കോളേജില്‍നിന്നും കുറേപ്പേരെഞാന്‍

അവിടേക്ക്‌ അയച്ചിരുന്നു.


താളത്തിലെഴുതാന്‍ ‍

വൃത്തവും അലങ്കാരവും

നോക്കണമെന്ന്‌ ഒരുത്തന്‍റെ ഉപദേശം.

കലികൊണ്ട്‌ ഞാന്‍ അടിമുടി വിറച്ചു.

ഒടുവില്‍ ഒരു കന്യാസ്ത്രീയുടെ

കയ്യില്‍നിന്ന് വൃത്തം കടം വാങ്ങി.

സംഗതി ജോറായി.

ഈ കവിതയുടെ വൃത്തം നിങ്ങള്‍ക്കായി

അവതരിപ്പിക്കുന്നത്‌ സിസ്റ്റര്‍ മേരീ ബനീഞ്ഞ

എന്ന പരസ്യവാചകം

മനസില്‍ മുഴങ്ങുന്നുണ്ടായിരുന്നു.

രണ്ടാമത്തെ കവിതയുടെ

താളപ്രായോജകന്‍

മധുസൂദനന്‍നായരായിരുന്നു.

താളത്തിന്‍റെ ചേളാവില്‍ ‍വാക്കുകള്‍

കൃത്യമായി നിറക്കാന്‍ഏറെ പാടുപെട്ടു.

അതോടെ കവിതയെഴുത്ത്‌

എന്ന സാഹസം നിര്‍ത്തി.


വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി.

കരിമ്പട്ടികയില്‍ എന്‍റെസഹപ്രവര്‍ത്തകരില്‍ ‍

കുറെപ്പേരുംഎത്തിക്കഴിഞ്ഞിരുന്നു.

ആനുകാലികങ്ങളിലും പുതിയ പുസ്തകങ്ങളിലും

കവിതകളെല്ലാം പ്രസംഗംപോലെ,

അല്ലെങ്കില്‍ നാട്ടു വര്‍ത്തമാനം പോലെ.

ലേറ്റസ്റ്റ്‌ ട്രെന്‍ഡ്‌ ഇങ്ങനെയെന്ന്‌

ഒരു ചങ്ങാതി പറഞ്ഞു.

ആശാനും ഉള്ളൂരും ചങ്ങമ്പുഴയുമൊക്കെ?

അവരൊക്കെ പഴഞ്ചന്‍മാരെന്ന്‌

അവന്‍റെ മറുപടി.


പാവം ഏലിയാമ്മ ടീച്ചര്‍!

കാലത്തിന്‍റെ മാറ്റം മുന്‍കൂട്ടി

കാണാന്‍ കഴിയാതെ,

ലഘുവും ഗുരുവും തിരഞ്ഞ്‌

മുടി നരപ്പിച്ച്‌ കരിമ്പട്ടികയില്‍ കുടുങ്ങി.

വൃത്തവും അലങ്കാരവും

വേണ്ടെങ്കില്‍ ‍പിന്നെ ഏത്‌ എനിക്കും

കവിത എഴുതാമല്ലോ?.

അങ്ങനെ ഞാന്‍ ആദ്യ പരീക്ഷണം നടത്തി,

ലേറ്റസ്റ്റ് ട്രെന്‍ഡില്‍ ഒരെണ്ണം.

ഇത്‌ കവിതയോ പ്രസംഗമോ ഭ്രാന്തോ

എന്ന്‌ വിലയിരുത്തേണ്ടതും

എന്നെയും കരിമ്പട്ടികയിലേക്ക്‌

അയക്കണമോ എന്ന്‌

തീരുമാനിക്കേണ്ടതും നിങ്ങളാണ്.

7 comments:

പതാലി said...

നേരത്തെ പോസ്റ്റ് ചെയ്ത ഒരു സൃഷ്ടിയാണ്.
അന്ന് കമന്‍റ് ഓപ്ഷന്‍ ബ്ലോക് ചെയ്യപ്പെട്ടിരുന്നതുകൊണ്ടാണ് വീണ്ടും പോസ്റ്റ്
ചെയ്യുന്നത്.
മലയാള കാവ്യ ശാഖക്ക് കരുത്തേകാന്‍ പോകുന്ന
ഈ രചന ബ്ലോഗര്‍മാര്‍ക്ക് നഷ്ടമാവാന്‍ പാടില്ലല്ലോ.

ഷാജുദീന്‍ said...

ഈ ശരീരത്തിനുള്ളില്‍ ഇങനെ ഒരു പ്രതിഭ ഒളിഞ്ഞിരുന്നത് ഞാനെന്തേ അറിഞ്ഞില്ല

പതാലി said...

പുതിയതായി വിടര്‍ന്നു വരുന്ന ഒരു മൊട്ട് എന്ന നിലയില്‍ മത്സരിക്കാന്‍ ഞാന്‍ റെഡി,
പിന്നെ ഷാജൂദീനെ ഇങ്ങനെയൊക്കെ എഴുതുന്നവരെയാണോ പ്രതിഭകള്‍ എന്നു പറയുന്നത്.
എങ്കില്‍ എനിക്ക് അതിന്‍റെ അഹങ്കാരമൊന്നുമില്ല കേട്ടോ..

സുല്‍ |Sul said...

ഇതസ്സല്‍ കവിത. ഇതുപോലൊരു ലേഖനം ഞാനൊരിക്കലും വായിച്ചിട്ടില്ല. ഇനിയും പോരട്ടെ സ്കൂള്‍ കോളജ് കഥകള്‍ :)

-സുല്‍

പതാലി said...

സുല്‍...
ഒരെ സമയം ലേഖനമെന്നും കവിതയെന്നും വിശേഷിപ്പിച്ച് എന്‍റെ മനോവീര്യം കെടുത്തരുതേ..
ശരിക്കും പറ‍ഞ്ഞാല്‍ ഇത് പുതിയൊരു സാഹിത്യ ശാഖയാണ്. ലേഖനവും കവിതയും ഒന്നു ചേരുന്ന സാധനം. പേര്‍ -ലേവിത-

മാലാഖ said...

നല്ല കഥ .

Anonymous said...

very nice !
I really enjoyed it.
bravo.