20080704

ഡീക്കനെ നിങ്ങള്‍ മോഷ്‌ടാവെന്നു വിളിക്കല്ലേ

കത്തോലിക്കാ സഭയുടെ ക്വട്ടേഷന്‍ പൂര്‍ണമായും ഏറ്റെടുത്ത്‌ ബൂലോകത്ത്‌ വീരോചിതം പോരാടുന്ന ഡീക്കന്‍ റൂബിന്‍ തോട്ടുപുറത്തെ ആര്‍ക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ.

മലയാളം ബ്ലോഗര്‍മാര്‍ക്കിടയിലും ബ്ലോഗ്‌ വായിക്കുന്നവര്‍ക്കിടയിലും വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ സഭക്ക്‌ `വേറിട്ട പ്രതിഛായ' സമ്മാനിക്കുന്നതില്‍ ഡീക്കന്‍ വഹിച്ച പങ്ക്‌ വാക്കുകളില്‍ ഒതുക്കാനാവില്ല. ബൂലോകത്ത്‌ സമീപകാലത്ത്‌ സഭാ വിരുദ്ധ പോസ്റ്റുകള്‍ ഏറുന്നതിന്‍റെ ക്രെഡിറ്റും മറ്റാര്‍ക്കുമല്ല.

അഭിപ്രായം പറയുന്നവരും നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നവരുമെല്ലാം സഭാ വിരോധികളാണെന്ന്‌ ഉത്തമ ബോധ്യമുള്ളതുകൊണ്ട്‌ അതൊന്നും മുഖവിലക്കെടുക്കേണ്ട കാര്യം ഡീക്കനില്ല.

ദീപിക പത്രത്തിലും സഭയോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന മറ്റ്‌ പ്രസിദ്ധീകരണങ്ങളിലും വരുന്ന ലേഖനങ്ങളും വാര്‍ത്തകളും തന്‍റെ ബ്ലോഗിലൂടെ പരമാവധി വായനക്കാരിലെത്തിക്കുക എന്ന മഹനീയ സേവനം ചെയ്യുന്ന അദ്ദേഹം സര്‍ക്കാരിനെയും സി.പി.എമ്മിനെയും തന്നാലാവും വിധം അസഭ്യം പറയാനും വെല്ലുവിളിക്കാനും വിയര്‍പ്പൊഴുക്കുന്നു.

ഒരു യഥാര്‍ത്ഥ പോരാളിയുടെ നിഘണ്ഡണ്ടുവില്‍ വിശ്രമം എന്ന വാക്കിന്‌ ഇടമില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ കത്തോലിക്കാ സഭയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാനമായ തോമാശ്ലീഹായുടെ ദുക്‌റാന ദിനത്തിലും ബൂലോകത്ത്‌ ഡീക്കന്‍റെ പോസ്റ്റ്‌ മുടങ്ങിയില്ല. ഏതെങ്കിലും പള്ളിയില്‍ ദിവ്യബലിക്ക്‌ ശുശ്രൂഷകനായി പോകുന്നതിനു മുമ്പോ പങ്കെടുത്ത ശേഷമോ(ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ അനുയായികളായിരിക്കണമെന്ന് വചന പ്രഘോഷണത്തിലൂടെ വിശ്വാസികളെ ഉദ്ബോധിപ്പിച്ചോ ആവോ) ആയിരിക്കണം അദ്ദേഹം ഈ ദിവസവും സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റിട്ടത്.

ജൂലൈ മൂന്ന്‌- ഭാരതക്രൈസ്തവരുടെ അഭിമാനദിനം എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ ഞാന്‍ രണ്ടു തവണ ഞെട്ടി. ഞെട്ടല്‍ നമ്പര്‍ 1- ദുക്‌റാന ദിനത്തിലും ഡീക്കന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചില്ലല്ലോ എന്നോര്‍ത്ത്‌. ഞെട്ടല്‍ നമ്പര്‍ 2- ഈ കുറിപ്പിന്‍റെ ഉള്ളടക്കം കണ്ടിട്ട്‌. കാരണം.ദുക്‌റാനയെക്കുറിച്ചുള്ള പോസ്റ്റിന്‍റെ തുടക്കം അച്യുതാനന്ദന്‍ സര്‍ക്കാരിനെക്കുറിച്ച്‌ പരാമര്‍ശിച്ചുകൊണ്ടാണ്‌. പിന്നെ തിരുന്നാളിന്‍റെ പശ്ചാത്തല വിവരണം. തുടര്‍ന്ന്‌ ചില വൈദികര്‍ ഞായറാഴ്‌ച്ച പ്രബോധനത്തിന്‌ വിഷയ ദാരിദ്ര്യം നേരിടുമ്പോള്‍ ബൈബിളിനെയും ആനുകാലിക പ്രശ്‌നങ്ങളെയും മനോധര്‍മം പോലെ ബന്ധിപ്പിച്ച്‌ കാടുകയറുന്നതുപോലെയാണ്‌ കുറിപ്പ്‌ മുന്നോട്ടു നീങ്ങുന്നത്‌.

അവസാന ഭാഗത്തു ചെല്ലുമ്പോള്‍ അലുവയില്‍ മീന്‍ചാറു ചേര്‍ക്കുന്നപോലെ മറ്റൊരു ഉപദേശം-
''പാഠപുസ്തകങ്ങള്‍ നിരീശ്വരത്വവും മത നിഷേധവും പഠിപ്പിക്കാന്‍ ഉപകരണങ്ങളാക്കുന്നവര്‍ ശ്രദ്ധാപൂര്‍വം വായിക്കേണ്ട മലയാള നോവലാണ്‌ 'കേശവന്‍റെ വിലാപങ്ങള്‍'. എഴുതിയത്‌, ഇന്നു കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുന്ന എം. മുകുന്ദന്‍. ഈയിടെ, അച്യുതാനന്ദനെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍, ബംഗാളി കവിയും ജ്ഞാനപീഠം ജേതാവുമായ മഹാശ്വേതാ ദേവിക്കെതിരേ അദ്ദേഹം ചൊരിഞ്ഞ ശകാരം സഹൃദയ കേരളത്തെ നടുക്കിക്കളഞ്ഞു. ഒരു സാംസ്കാരിക നായകന്‍ ഇത്രയ്ക്ക്‌ അധ:പതിക്കാമോ എന്നു പലരും മൂക്കത്തു വിരല്‍ വച്ചുപോയി! പാഠപുസ്തകങ്ങളോടൊപ്പം ഈ നോവല്‍കൂടി വായിച്ചുപഠിക്കാന്‍ കുട്ടികള്‍ക്കു നിര്‍ദേശം നല്‍കി, വേണമെങ്കില്‍ സര്‍ക്കാരിനൊരു പാപപരിഹാരക്രിയ അനുഷ്ഠിക്കാവുന്നതാണ്‌!''

പോസ്റ്റില്‍ ഒരിടത്തും ഉള്ളടക്കം മറ്റെവിടെനിന്നെങ്കിലും എടുത്തതാണെന്നോ മറ്റൊരു ലേഖനത്തിന്‍റെ പുനഃപ്രസിദ്ധീകരണമാണോന്നോ അറിയിപ്പില്ല. അതുകൊണ്ടുതന്നെ ദുക്റാനക്കുറിപ്പിന്‍റെ കോപ്പിറൈറ്റ്‌ ഡീക്കനുതന്നെയെന്ന്‌ ഉറപ്പ്‌. കര്‍ത്താവേ! ഇദ്ദേഹത്തിന്‌ കൂടുതലായി എന്തെങ്കിലും പറ്റിയോ എന്ന്‌ ശങ്കിച്ചു. ആവേശത്തിന്‌ കേറി ഒരു കമന്‍റും ഇട്ടു.

അതു കഴിഞ്ഞപ്പോഴാണ്‌ ദുക്റാന ദിനത്തിലെ ദീപിക പത്രത്തിന്‍റെ പി.ഡി.എഫ്‌ പേജുകള്‍ വെബ്‌സൈറ്റില്‍ കാണ്ടത്‌.എഡിറ്റോറിയന്‍ പേജില്‍ രണ്ടു ലേഖനങ്ങള്‍- ഒന്ന്‌ കേശവന്‍റെ വിലാപം എന്ന മകുന്ദന്‍റെ പുസ്‌തകത്തെക്കുറിച്ച്‌ ഡോ. കുര്യാസ്‌ കുമ്പളക്കുഴിയുടേത്‌. തൊട്ടു താഴെ ദുക്റാനയെക്കുറിച്ച്‌ ഫാ. ജോസ്‌ നെല്ലിക്കത്തെരുവിലിന്‍റേത്‌.
പേജിന്‍റെ ലിങ്ക് ഇവിടെ

ആ രണ്ടു ലേഖനങ്ങളും വായിച്ചപ്പോള്‍ ഡീക്കനെ തെറ്റിധരിച്ചതില്‍ കുറ്റബോധം തോന്നി. കാരണം ഡീക്കനായിട്ട്‌ ഒരക്ഷരം പോലും എഴുതിയിട്ടില്ല.
ഫാ. ജോസ്‌ നെല്ലിക്കത്തെരുവിലിന്‍റെ ലേഖനത്തിന്‌ ഡോ. കുര്യാസ്‌ കുമ്പളക്കുഴീടെ ലേഖനത്തിലുണ്ടായ സന്താനമാണ്‌ ഡീക്കന്‍റെ പോസ്റ്റ്‌.

ഫോര്‍മുല വളരെ സിന്പിളാണ്: ഫാ. ജോസിന്‍റെ ലേഖനത്തിലെ 1, 5, 6 ഖണ്ഡികകള്‍+ ഡോ. കുര്യാസിന്‍റെ ലേഖനത്തിന്‍റെ ആദ്യഖണ്ഡിക+ അവസാന ഖണ്ഡിക= ഡീക്കന്‍റെ പോസ്റ്റ്‌.

അതോടെ ഡീക്കന്‍റെ പോസ്റ്റിലെ എന്റെ കമന്റ്‌ ഞാന്‍ ഡിലീറ്റ്‌ ചെയ്‌തു. കാരണം ഡിക്കനെ കുറ്റം പറയാന്‍ ഞാനില്ല. രണ്ടു ലേഖനങ്ങളും മുഴുവന്‍ വായിച്ച്‌ ആളുകള്‍ മിനക്കേടേണ്ടതില്ലല്ലോ എന്നു കരുതി രണ്ടിലെയും പ്രസക്ത ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ അദ്ദേഹം ഒരു പോസ്റ്റാക്കി. ഉള്ളടക്കം പരസ്‌പര ബന്ധമില്ലാതെ കിടക്കുന്നതിനും അദ്ദേഹത്തെ പഴിക്കാനാവില്ലല്ലോ.

ദുക്‌റാന ദിനത്തില്‍ തോമാശ്ലീഹായുടെ പടത്തോടെയുള്ള ലേഖനം വി.എസ്‌. അച്യുതാനന്ദന്‍റെ പേരു പരാമര്‍ശിച്ചു തുടങ്ങിയതിന്‍റെ ഉത്തരവാദിത്വവും ഡീക്കനല്ല. പിന്നെ സഭയുടെ മുന്നണിപ്പോരാളിയെന്ന നിലക്ക് ലേഖനങ്ങള്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനും ലേഖനങ്ങളുടെ ക്ലോണിംഗ് നടത്താനുമൊക്കെ ദീപിക ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങള്‍ ഡീക്കന് അനുവാദം കൊടുത്തിട്ടുണ്ടോ എന്ന് നമുക്കറിയില്ലല്ലോ.
ഏതായാലും ബൂലോകരോട്‌ എനിക്ക്‌ ഒരു അഭ്യര്‍ത്ഥനയേയുള്ളൂ
ഈ ഭാവി ഇടയനെ നിങ്ങള്‍ മോഷ്ടാവെന്നു വിളിക്കരുതേ....