20071208

നോ പ്രോബ്ലം!

അരിയില്ലേ?
നോ പ്രോബ്ലം.
രണ്ടു മുട്ടയും
ഒരു ഗ്ലാസ്‌ പാലും
കോഴിയിറച്ചിയും പോരെ?

ജോലിയില്ലേ?
നോ പ്രോബ്ലം.
ഏതെങ്കിലും
ക്വട്ടേഷന്‍ സംഘത്തില്‍
ചേര്‍ന്നാപ്പോരേ?

വൈദ്യുതി ചാര്‍ജ്‌
താങ്ങാനാവുന്നില്ലേ?
നോ പ്രോബ്ലം.
പന്തം കൊളുത്തി
വെച്ചാപ്പോരെ?

വീടില്ലേ?
നോ പ്രോബ്ലം.
കടത്തിണ്ണയിലോ‍
പാര്‍ട്ടി ആപ്പീസിലോ
കിടന്നാപ്പോരെ?

അടിസ്ഥാന
സൗകര്യങ്ങളെല്ലാം
റെഡി.
എന്‍റെ കേരളം
എത്ര സുന്ദരം?
*****

20071206

റിയാലിറ്റി

സുരേഷും സുരേന്ദ്രനും ചേര്‍ന്ന്
അനുജന്‍ സുധീഷിനെ
അടിച്ചുകൊന്നു.
പോലീസെത്തി,
അന്വേഷണം വേണ്ടിവന്നില്ല.
ചേട്ടന്‍മാര്‍ റിയാലിറ്റി ഷോകളുടെ
അടിമകളായിരുന്നു.
അനുജന്‍ വാര്‍ത്ത കാണാന്‍
ശ്രമിച്ചതാണ്.
***

20071203

ബിംബകല്‍പ്പനയുടെ നൈതികത

ചക് ദേ ഇന്ത്യ സൃഷ്ടിച്ച തരംഗത്തിന്‍റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പാണ് ഷാരൂഖ് ഖാന്‍റെ മറ്റൊരു ചിത്രം ആരാധക ലക്ഷങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചത്. ബോക്സ് ഓഫീസില്‍ മികച്ച തുടക്കമിട്ട പല മലയാള ചിത്രങ്ങളും ഓം ശാന്തി ഓം തിയേറ്ററുകളിലെത്തിയതോടെ പിന്നിലാവുകയായിരുന്നു.

ഷാരൂഖ് ഖാന്‍ ആവര്‍ത്തിച്ച് ആഘോഷിക്കപ്പെടുമ്പോള്‍ ദേശ, കാല, ഭാഷാഭേദമില്ലാതെ ഇന്ത്യന്‍ ചലച്ചിത്രാസ്വാദകരുടെ ചിന്താ സരണിയിലും ദൃശ്യബോധത്തിലും ആസ്വാദനതലത്തിലും സംഭവിച്ച മാറ്റങ്ങള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്.

ദൃശ്യപരിപ്രേക്ഷ്യങ്ങളുടെ സ്ഥായീവല്‍ക്കരണത്തെക്കുറിച്ച് അന്‍റോണിയോ മാര്‍ഗെരിറ്റിയും ഫ്രിട്ട്സ് ഹിപ്ളറും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ കാലഹരണപ്പെടുകയാണെന്ന് ആഗോളതലത്തിലുള്ള ഉദാഹരണങ്ങളെ ആസ്പദമാക്കി ഫ്രഞ്ച് സംവിധായകനായ ഴാംഗ് ബെക്കര്‍ നടത്തിയ വിലയിരുത്തല്‍ ഇവിടെ ഏറെ പ്രസക്തമാണ്.

ഹോളിവുഡിലെ ആദ്യകാല സൂപ്പര്‍ താരങ്ങള്‍ മുതല്‍ ടോം ക്രൂയിസ് വരെയുള്ള ചലച്ചിത്ര വ്യക്തിത്വങ്ങളുടെ താരപരിപ്രേക്ഷ്യത്തിന്‍റെ ഔത്യത്തിലേക്കുള്ള ആരോഹണത്തിനു പിന്നിലെ കീഴാള ബിംബകാമന അടിസ്ഥാന ദൃശ്യബോധത്തിന്‍റെ നൈരന്തര്യ വീഴ്ച്ചകളിലുടെയാണ് നീങ്ങുതെന്ന ബെക്കറുടെ നിരീക്ഷണത്തില്‍ വിയോജിപ്പുകള്‍ ഏറെയുണ്ടെങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ വിലയിരുത്തുമ്പോള്‍ ഇതിനോടു ചേര്‍ു നില്‍ക്കുന്ന ഒട്ടേറെ ഉദാഹരണങ്ങള്‍ കാണാനാകും.

ബോളിവുഡില്‍ ദേവ് ആനന്ദും തമിഴില്‍ എം.ജി.ആറും, തെലുങ്കില്‍ എം.ടി രാമറാവുവും കട സിനിമയില്‍ രാജ്കുമാറും മലയാളത്തില്‍ പ്രേം നസീറുമാണ് പ്രാകൃതിക പരിമിതികളെ പ്രതിഭാവിലാസത്തിന്‍റെ മേല്‍ക്കോയ്മയിലുടെ വിദഗ്ധമായി അതിജീവിച്ചുകൊണ്ട് മൂര്‍ത്തമായ താരസിംഹാസനങ്ങളിലേക്കുള്ള പ്രയാണത്തിന് തുടക്കം കുറിച്ചതെന്നു കാണാം. ഇതേ പ്രക്രിയയുടെ കാലാതിവര്‍ത്തിയായ നൈരന്തര്യം വര്‍ത്തമാന കാല ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാക്കളില്‍ പലരിലും പ്രകടമാണ്. ഈ ഗണത്തില്‍ ഏറെ ശ്രദ്ധേയനാണ് ഷാരൂഖ് ഖാന്‍.

ചക് ദേ ഇന്ത്യയില്‍ കായികാവേശത്തില്‍ സ്ഫുടം ചെയ്യപ്പെട്ട നിശ്ചയദാര്‍ഢ്യത്തിലൂടെ പ്രതിലോമ പ്രകൃതിയെ അതിജീവിക്കുന്ന കബീര്‍ ഖാനെ അവതരിപ്പിക്കുമ്പോഴും ഓം ശാന്തി ഓമില്‍ പരിമിതികളെ ഉല്ലംഘിച്ച് അന്തര്‍ഗതമായ അഭിവാഞ്ജകളുമായി പ്രഹേളികാവല്‍കൃതമായ പ്രയാണ പാതയില്‍ പുനര്‍ജന്‍മാധിഷ്ഠിധമായ ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തു ഓംകുമാര്‍ മഖീജയാകുമ്പോഴും ഷാരൂഖിന്‍റെ പ്രതിഭാവിലാസത്തിന്‍റെ വൈവിധ്യാത്മകതയാണ് പ്രഘോഷിക്കപ്പെടുന്നത്.

ഇന്ത്യന്‍ സിനിമയുടെ ശൈശവ ദശയില്‍തന്നെ വ്യവസ്ഥാപിതമായിപ്പോയ സമവാക്യങ്ങളുടെ വിദൂരഛവി ഈ രണ്ടു ചിത്രങ്ങളിലും തെളിഞ്ഞുകാണാമെന്ന വസതുത മറക്കുന്നില്ല. പ്രേക്ഷക കാമനയുടെ നൈതിക മണ്ഡലത്തില്‍ നമ്മുടെ ചലച്ചിത്രാകാരന്‍മാര്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ ആധ്യാരോപം ചെയ്ത സമവാക്യങ്ങളുടെ വര്‍ണഘോഷ സമ്പുഷ്ടമായ പുരനാഖ്യാനങ്ങളാണെങ്കിലും വരേണ്യ വല്‍കൃതമായ വ്യവസ്ഥിതിയിലെ പുത്തന്‍ വാര്‍പ്പു മാതൃകള്‍ക്കായുള്ള പ്രേക്ഷകരുടെ അന്തര്‍ദാഹത്തോട് നീതി പുലര്‍ത്തുന്നതില്‍ രണ്ടു ചിത്രങ്ങളും വിജയിച്ചിരിക്കുന്നത് ഷാരൂഖ് എന്ന നടന്‍റെ പ്രതിഭാവിലാസത്തിന്‍റെ തണലിലാണെന്നു കാണാം.

ഭൂഖണ്ഡാതിര്‍ത്തികളെ നിഷ്പ്രഭമാക്കുന്ന ബോളിവുഡിന്‍റെ ചിത്രീകരണ ഭൂമികക്കൊപ്പം സ്വന്തം താരമണ്ഡലത്തെയും വളര്‍ത്താന്‍ കഴിഞ്ഞ അപൂര്‍വം ചില അഭിനേതാക്കളിലൊരാളാണ് ഷാരൂഖ് ഖാന്‍. പതിവു ചലച്ചിത്ര താന്ത്രികതകളില്ലാതെ പ്രായത്തെ പിന്നിലാക്കുന്നതുവഴിയാണ് ഈ നടന്‍ പ്രേക്ഷകഹൃദയങ്ങളില്‍ സുദൃഢസിംഹാസനം ഉറപ്പിക്കുന്നത്.

മേധാശക്തിയുടെയും അഭിനയമികവിന്‍റെയും സമഞ്ചസ സമ്മേളനത്തിലൂടെ ചലച്ചിത്ര ചരിത്രത്തില്‍ അമൂര്‍ത്തമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ അനേകം പ്രതിഭകളെ നമുക്ക് ചൂണ്ടിക്കാട്ടാനാകും. കഥാപാത്രങ്ങള്‍ക്കുവേണ്ടി താരങ്ങളെ തേടുന്ന പ്രവണത താരങ്ങള്‍ക്കൊത്ത കഥാപാത്രങ്ങളെ മെനയുന്ന പ്രക്രിയക്ക് വഴിമാറിയതാണ് സിനിമക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തമെന്ന വിലയിരുത്തലുകളെ അപ്രസക്തമാക്കാനും ഇത്തരം പ്രതിഭകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഷാരൂഖ് ഖാന്‍റെ പ്രതിഭയെക്കുറിച്ച് പ്രദിപാദിക്കുമ്പോള്‍ വെള്ളിത്തിരയിലെ ബിംബകല്‍പ്പനയുടെ സ്ഥാവരതയും
ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്.

സമകാലിക സിനിമയിലെ ബിംബകല്‍പ്പനക്കു പിന്നിലെ നവലിബറല്‍ ആശയങ്ങളുടെ സ്ഥാപനവല്‍ക്കരണത്തിനുള്ള ഗൂഢോദ്ദേശ്യം പ്രകടമാണെങ്കിലും പുരുഷകേന്ദ്രീകൃതമായ ഈ കൊളോണിയല്‍ പിന്തുടര്‍ച്ചയിലേക്കുള്ള ആദ്യചുവടുവെപ്പുകള്‍ ബോധപൂര്‍വമായിരുന്നു എന്നു കാണാം. പക്ഷെ, പില്‍ക്കാലത്ത് താരാധിപത്യത്തിലൂന്നിയ ഒരു ചലച്ചിത്ര വ്യവസ്ഥിതി കാലഘട്ടത്തിന്‍റെ അനിവാര്യതയാണെ മുന്‍വിധിയുമായെത്തിയവരാണ് ആസ്വാദന മേഖലയിലെ അപകടകരമായ മാറ്റത്തിന് ഉല്‍പ്രേരകങ്ങളായി വര്‍ത്തിച്ചത്.

അനതിവിദൂര വിപത്തുകളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലുകളുടെ അഭാവത്തില്‍ മാറ്റങ്ങളോട് സന്ധി ചെയ്തവര്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു. ബോളിവുഡിലും തമിഴിലും തെലുങ്കിലുമാണ് സര്‍ഗാത്മകതയുടെ അസ്ഥിവാരമുലച്ച വിനാശകരമായ പ്രത്യയശാസ്ത്രങ്ങളുടെ പിന്‍ബലത്തോടെയുള്ള മാറ്റത്തിന്‍റെ ബഹിര്‍സ്ഫുരണം വ്യാപകമായി വേരോടിയത്. പ്രബുദ്ധതയുടെ മൂടപടമണിഞ്ഞ് പൊതുധാരയില്‍നിന്ന് അകന്നു നിന്നിരുന്ന മലയാള സിനിമ ഈ പ്രവണതയിലേക്ക് ചുവടുവെച്ചത് വൈകിയാണെങ്കിലും അതിന്‍റെ വൈപുല്യത്തെ അതിവേഗത്തിലാണ് സ്വാംശീകരിച്ചത്.

ചലച്ചിത്ര വീക്ഷണങ്ങളുടെ ഫോക്കസ് ഒന്നോ രണ്ടോ താരങ്ങളില്‍ മാത്രം ക്രോഢീകരിക്കപ്പെടുമ്പോള്‍ സമൂഹത്തിലെ മറ്റേതു മേഖലയിലുമെപോലെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ ഇവിടെയും ഭൂരിപക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കാനാവില്ല.

ഈ സാഹചര്യങ്ങള്‍വെച്ച് വിലയിരുത്തുമ്പോഴാണ് ഷാരൂഖ് ഖാന്‍ എ നടന്‍റെ നിത്യഹരിത പ്രതിഛായയുടെ വ്യാപ്തി വ്യക്തമാകുത്.
നടനോ നര്‍ത്തകനോ സാഹിത്യകാരനോ ആരായാലും വിജയങ്ങളുടെ ഗ്രാഫിനപ്പുറം പരാജയങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് ചരിത്രം ഉദാഹരണ സഹിതം സാക്ഷിക്കുന്നു. എങ്കിലും ഷാരൂഖ് ഖാന്‍റെ അഭിനയപ്രകൃതിയുടെ മൂര്‍ത്തത ഉപഭോക്തൃവല്‍ക്കരിക്കപ്പെട്ട ചലച്ചിത്ര കലയിലെ സര്‍ഗശോഷണത്തിന്‍റെ ഉപോല്‍പ്പന്നമല്ലെന്ന് വ്യക്തം.

ദീര്‍ഘവീക്ഷണവും യാഥാര്‍ത്ഥ്യബോധവുമില്ലാത്ത ചലച്ചിത്ര സമീപനങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ ചലച്ചിത്രകാരന്‍മാരും അഭിനേതാക്കളുമൊക്കെ കാണാതെ പോകുതോ കണ്ടില്ലെന്ന് നടിക്കുന്നതോ ആണ് വര്‍ത്തമാനകാല സിനിമയുടെ ഏറ്റവും വലിയ പ്രതിസന്ധി.

***************************************************************
(മലയാളത്തിലെ പല ആനുകാലികങ്ങളിലും കടിച്ചാല്‍ പൊട്ടാത്ത ലേഖനങ്ങള്‍ക്കായി കുറെ സ്ഥലം ഒഴിച്ചിട്ടിട്ടുണ്ട്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശം മുതല്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ വരെ എന്തും ഇത്തരം ലേഖനങ്ങള്‍ക്ക് വിഷയമാകാം.എഴുതുന്നത് എന്താണെന്ന് എഴുന്നയാള്‍ക്ക് അറിവുണ്ടാകില്ല.

പിന്നെ വായിക്കുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ.വേകാത്ത പോത്തിറച്ചിപോലെയുള്ള കുറെ വാക്കുകളും ഉട്ടോപ്യ മുതല്‍ ഉഗാണ്ടവരെയുള്ള രാജ്യങ്ങളില്‍ ജീവിച്ചിരുന്നവരോ മരിച്ചവരോ ആയ കുറെ മഹാന്‍മാരുടെ പേരുകളും നിരത്തിവെച്ചൊരു കസര്‍ത്ത്.പക്ഷെ, സംഗതി ഉദാത്തമാണെന്ന് വാഴ്ത്താന്‍ ഒരുപാടു പേരുണ്ടാകും.

ഇതേ സ്വഭാവമുള്ള ചലച്ചിത്ര ലേഖനങ്ങള്‍ക്കും പഞ്ഞമില്ല.ഒരു മലയാള സിനിമയെ ആധാരമാക്കി അടുത്തയിടെ ഒരു ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിച്ച പ്രസ്തുത സിനിമയുടെ സംവംവിധായകന്‍റെ കമന്‍റ് ഇതായിരുന്നു-
''ഇത്രയും വലിയ സംഭവമാണ് ഞാന്‍ ചെയ്തെന്ന് ഇപ്പോഴാണ് മനസിലായത്''

.കാര്യങ്ങള്‍ ഇങ്ങനെ ജോറായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ഡ അതുപോലെ ഒരു ലേഖനത്തിനുള്ള ശ്രമമാണ് ഞാന്‍ ഇവിടെ നടത്തിയിരിക്കുന്നത്. ഇതിലെ വാക്കുകളില്‍ 90 ശതമാനവും പഴയ ബുദ്ധിജീവി ലേഖനങ്ങളില്‍നിന്ന് വാടകക്ക് എടുത്തതാണ്. ആരും എന്നെ തെറ്റിധരിക്കരുത്.ആനുകാലികങ്ങള്‍ക്ക് അയച്ചുകൊടുക്കാതിരുന്നത് ബൂലോകര്‍ അനുഭവിക്കട്ടെ എന്നു കരുതിയാണ്)