20100531

സ്മാര്‍ട്ട്കൊച്ചി

കഴിഞ്ഞയാഴ്ച്ച കൊച്ചിക്കായലില്‍ ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് അപൂര്‍വ സുന്ദരമായ ആ ദൃശ്യം കണ്ണില്‍പെട്ടത്. മേനക ജംഗ്ഷനടുത്ത മഴവില്‍പ്പാലത്തിനും സമീപത്തെ അംബരച്ചുംബികള്‍ക്കും മേലെ ഒരു ഒറിജിനല്‍ മഴവില്ല്! പക്ഷെ, അതു പകര്‍ത്താന്‍ കയ്യിലുള്ളത് സോണി എറിക്സണ്‍ ടി 715 മൊബൈല്‍ ഫോണ്‍ മാത്രം. ഉള്ളതുകൊണ്ട് ഓണം പോലെ ഒരു ക്ലിക്ക്.

20100530

ആശ്രിതവിസക്കാരന്‍റെ ആത്മകഥ-ഒന്നാം അധ്യായം

കഥ

``വീട്‌ ചങ്ങനാശേരീല്‌ എവിടാന്നാ പറഞ്ഞേ?''
``തുരുത്തീല്‌''
``ങ്‌ഹാ അതു പറ, അവിടെ ആഞ്ഞിലിക്കളത്തിലെ ഔതച്ചന്റെ വീട്‌ അറിയുവോ?''
``ങ്‌ഹാ''
``എന്റെ വകേലൊരു പെങ്ങളെ അവിടാ കെട്ടിച്ചേക്കുന്നെ''
``ഉം''
``നിങ്ങടെ വീട്ടുപേരെന്നാ?''
``പുതുമറ്റം' 'മരങ്ങാട്ടുപിള്ളിക്കാരന്‍ തോമസു ചേട്ടന്‍ വലതു വശത്തിരിക്കുന്ന എന്നെ ചോദ്യം ചെയ്യുന്നത്‌ അവസാനിപ്പിച്ച്‌ തൊട്ടപ്പുറത്ത്‌ സജിയെ പിടികൂടിരിക്കുകയാണ്‌. സജി എല്ലാത്തിനും മറുപടി പറയുന്നൊണ്ടെന്ന്‌ വരുത്തിത്തീര്‍ക്കുന്നേയുള്ളൂ. എങ്കിലും പുള്ളി വിടുന്ന മട്ടില്ല.
``ഡിപ്പന്റ്‌ വീസയാണല്ലേ?''
``ങ്ഹാ''
``അതിന്‌ ഇന്റര്‍വ്യൂ വേണ്ടെന്നാണല്ലോ പറയുന്നേ. എന്റെ മൂത്ത മരുമോന്‍ ആറു മാസം മുമ്പ്‌ പോയപ്പം കടലാസെല്ലാം കൊച്ചീന്നു തന്നെ ശരിയായാരുന്നു. ഞങ്ങടെ ഒരു ഐലോക്കക്കാരന്‍ പയ്യനും കഴിഞ്ഞയാഴ്‌ച്ച അവിടുന്ന്‌ വീസാ കിട്ടി. ഇതിപ്പം എന്നാ പറ്റി?. ങ്‌ഹാ, ആര്‍ക്കറിയാം ഇവര്‍ക്ക്‌ തോന്നുമ്പം തോന്നുന്ന പോലാ''.
ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ഭാര്യമാരുടെ കെയറോഫില്‍ ഭര്‍ത്താക്കന്‍മാര്‍ക്ക്‌ ലഭിക്കുന്ന ഡിപ്പന്‍ഡന്റ്‌ വിസയാണ്‌ തോമസു ചേട്ടന്‍ `ഡിപ്പന്റ്‌ വീസാ'ക്കിയിരിക്കുന്നത്‌. റബര്‍ കര്‍ഷകനാണെങ്കിലും കൃഷിയെക്കാള്‍ ആധികാരികമായാണ്‌ യു.കെ. വിസയെക്കുറിച്ചൊള്ള വിവരങ്ങള്‌ പുള്ളി വെച്ചുകാച്ചുന്നത്‌. രണ്ടാമത്തെ മോളേംകൊണ്ട്‌ ഇന്റര്‍വ്യൂന്‌ വന്നതാണിപ്പോള്‍.
മദ്രാസിലെ നുങ്കംപാക്കം ആന്‍ഡേഴ്‌സണ്‍ റോഡില്‍ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസിനു മുന്നില്‍ കാത്തുനില്‍പ്പുകാരുടെ എണ്ണം കൂടിവരുവാണ്‌. പലതും തിരുവനന്തപുരം-ചെന്നൈ മെയിലില്‍ ഇന്നലെ ഞാന്‍ കണ്ട മുഖങ്ങള്‍. സജിയേം ഭാര്യേം പരിചയപ്പെട്ടതും ട്രെയിനീവെച്ചാണ്‌. സജി ചങ്ങനാശേരി എസ്‌.ബി കോളേജില്‍ എന്റെ സീനിയറാരുന്നെന്ന്‌ പറഞ്ഞുവന്നപ്പാഴാ മനസിലായെ. ഭാര്യ റാണിക്ക്‌ അയര്‍ലന്റിലാ ജോലി.
ഓട്ടോറിക്ഷകളില്‍ ഇപ്പോഴും ആളുകള്‍ വന്നോണ്ടിരിക്കുന്നു.തൊട്ടപ്പുറത്ത്‌ ഉന്തുവണ്ടീല്‌ ചായ വില്‍ക്കുന്നയാള്‍ക്ക്‌ തിരക്ക്‌ ഏറിത്തുടങ്ങി. വര്‍ഷങ്ങളായി ഇവിടെ കച്ചോടം നടത്തുന്ന ഈ തമിഴന്റെ ചായക്കും പലാരങ്ങള്‍ക്കും കോട്ടയം ടേസ്റ്റായിപ്പോയെന്നാ പറയുന്നെ.ഇരിക്കാന്‍ സൗകര്യമില്ലാത്തതുകൊണ്ട്‌ അപേക്ഷകര്‍ക്കും അകമ്പടിക്കാര്‍ക്കും നിപ്പു തന്നെ ശരണം. ഈ മരച്ചോട്ടിലെ ചുറ്റുമതിലിലും ഇരിക്കാമ്പാടില്ലെന്നാ ഇവിടുത്തെ ചട്ടം. കാത്തു നിക്കുന്നോരില്‍ ആശ്രിതവിസക്കാരും സ്‌കോളര്‍ഷിപ്പോടെയും അല്ലാതെയും പഠിക്കാന്‍ പോന്നോരുമൊക്കെയുണ്ടെങ്കിലും ബ്രിട്ടനിലേക്ക്‌ ആദ്യമായി പറക്കാനൊരുങ്ങുന്ന നേഴ്‌സുമാരാണ്‌ അധികവും.ഇപ്പത്തന്നെ ഞാറാഴ്‌ച്ച മനോരമേലും ദീപികേലും കല്യാണപ്പരസ്യങ്ങളില്‍ യു.കെ നേഴ്‌സുമാരുടെ പെരുന്നാളാ. അതു കണ്ടാ പാലായിലും ചങ്ങനാശേരീലും മൂവാറ്റുപുഴേലുമൊക്കെ യു.കെ. നേഴ്‌സുമാരില്ലാത്ത പുരാതന റോമന്‍ കത്തോലിക്കാ കുടുംബങ്ങളില്ലെന്നു തോന്നും. എന്നിട്ടും യൂക്കേലോട്ടൊള്ള ഒഴുക്കിന്‌ വല്ല കൊറവുമൊണ്ടോ?
നേരത്തെ അക്കര പറ്റിയ ബന്ധക്കാരും കൂട്ടുകാരുമൊക്കെ പറയുന്ന വിശേഷങ്ങളു കേക്കുമ്പോള്‍ നാട്ടിലെ നേഴ്‌സുമാര്‍ക്ക്‌ അങ്ങോട്ടു പോകാന്‍ പൂതി തൊടങ്ങും. പിന്നെ അതിനുള്ള പെടാപ്പാടാ. ഒരുപാട്‌ കഷ്‌ടപ്പെട്ടശേഷം ഇന്റര്‍വ്യൂ എന്ന അവസാന കടമ്പക്കു മുന്നിലെത്തുന്നതിന്റെ പേടി ദേ, ഇപ്പോള്‍ എന്റെ ചുറ്റിലുമുള്ള മിക്കവാറും പേരുടെയും മുഖത്തു കാണാം.
`` അപേക്ഷ കൊടുത്ത്‌ ഏജന്‍സി വഴിയാന്നോ?''തോമസു ചേട്ടന്‍ സജിയെ മോചിപ്പിച്ചിട്ടില്ല.
``അതെ''
``എങ്കിപ്പിന്നെ കൊഴപ്പവൊണ്ടാകത്തില്ലല്ലോ?. ങ്‌ഹാ, എന്തായാലും രണ്ടിലൊന്നറിയാന്‍ ഇനി അധിക നേരവില്ലല്ലോ''പുള്ളിക്ക്‌ സ്വന്തം മകളുടെ ഭാവിയേക്കാള്‍ ആശങ്ക സജീടെ കാര്യത്തിലാണെന്ന്‌ തോന്നി. സജിയാണെങ്കില്‍ എങ്ങനേലും ഒന്നു തലയൂരിയാ മതിയെന്ന നെലേലാണ്‌. മരങ്ങാട്ടുപിള്ളി അച്ചായന്‍ വീണ്ടും വലത്തോട്ടു തിരിഞ്ഞേക്കുമെന്ന പേടിയാണ്‌ എന്റെ മനസില്‍. ഇവിടെനിന്ന്‌ എഴുന്നേക്കാവെന്നു കരുതിയാ വെട്ടിക്കുത്തിയ മരംപോലെ നിക്കേണ്ടിവരികയും ചെയ്യും.
യു.കെയിലേക്കുള്ള വിസക്ക്‌ എറണാകുളത്തെ വി.എഫ്‌.എസ്‌ ഓഫീസിലാണ്‌ സാധാരണ അപേക്ഷ കൊടുക്കുന്നെ. കടലാസുകളെല്ലാം പക്കയാണെങ്കില്‍ ഇന്റര്‍വ്യൂ ഇല്ലാതെതന്നെ വിസ അനുവദിക്കും. ആശ്രിത വിസക്ക്‌ അപേക്ഷിക്കുന്നോരില്‍ അധികം പേര്‍ക്കും മദ്രാസിലോട്ട്‌ പോരേണ്ടി വരില്ല. ഇവിടെ വന്നാല്‍ അവര്‍ക്ക്‌ നഴ്‌സുമാരെപ്പോലെ കാര്യമായ ഇന്റര്‍വ്യൂ ഉണ്ടാകാറുമില്ല.ഇങ്ങനെയൊക്കെയാണെങ്കിലും കാര്യങ്ങള്‍ ഇടിപീടീന്ന്‌ ശെരിയാകണമെന്നാണല്ലോ എല്ലാരും ആഗ്രഹിക്കുന്നത്‌. എറണാകുളത്ത്‌ അപേക്ഷ കൊടുക്കുമ്പോത്തന്നെ എന്റെ കര്‍ത്താവേ, മദ്രാസീപ്പോകാന്‍ എടവരുത്തല്ലേന്ന്‌ പ്രാര്‍ത്ഥിക്കാത്തോരില്ല. പക്ഷെ, അവിടെവെച്ച്‌ എന്റെ പാറേ മാതാവേ! മദ്രാസീപ്പോകാന്‍ കനിയണേന്ന്‌ പ്രാര്‍ത്ഥിച്ച ഒരേയൊരാള്‌ ഈ ഞാന്‍ മാത്രമാരിക്കും. എല്ലാരും ഇവിടെ വരേണ്ടിവന്നതിനെ പഴിക്കുകേം അകത്ത്‌ കേറിക്കഴിഞ്ഞ്‌ നടക്കാന്‍ പോകുന്നതിനെക്കുറിച്ചോര്‍ത്ത്‌ വേവലാതിപ്പെടുകേം ചെയ്യുമ്പോ എന്റെ ഉള്ളില്‌ ഒരു പകലുകൂടി ഈ റോഡില്‍ ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവാണ്‌.
എംബസി(ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസാണെങ്കിലും സൗകര്യത്തിന്‌ എല്ലാരും എംബസീന്നാ പറയുന്നെ) ഓഫീസിന്റെ ഗേറ്റ്‌ തുറന്നു. രണ്ടുമുന്നു ജീവനക്കാര്‍ പുറത്തു വന്നു. അപേക്ഷകര്‍ അവിടേക്ക്‌ അടുക്കുന്നു. തോമസു ചേട്ടന്‍ റോക്കറ്റുപോലെ മുന്നോട്ടു കുതിച്ച്‌ മറ്റൊരു പെണ്‍കുട്ടിയുമായി വര്‍ത്താനം പറഞ്ഞോണ്ടിരുന്ന മകളെയും കൂട്ടി ഗേറ്റിലെത്തി. സജീം ഞാനും എഴുന്നേറ്റു. അപേക്ഷകരെ അകത്തേക്ക്‌ കേറ്റിത്തുടങ്ങി.
ഇന്റവ്യുവിന്‌ ഹാജരാകേണ്ടവര്‍ അകത്തു കേറിയാപ്പിന്നെ അപ്പന്‍, ആങ്ങള, ഭര്‍ത്താവ്‌ തുടങ്ങിയ പരിവാരങ്ങള്‍ എംബസി ഓഫീസിനു മുന്നില്‍ നിന്നുകൂടാ. അവര്‍ക്ക്‌ കാത്തിരിക്കാന്‍ ഒരു സ്ഥലമുണ്ട്‌. ഈ റോഡിന്റെ വലതുവശത്ത്‌ പത്തുമുന്നൂറടി അപ്രത്ത്‌ പോലീസ്‌ ചെക്‌പോസ്റ്റും കഴിഞ്ഞുള്ള പൊക്കിക്കെട്ടിയ ഫുട്‌പാത്ത്‌. ഒള്ളതു പറഞ്ഞാ എംബസിക്കുള്ളിലേക്കാള്‍ വലിയ സംഭവങ്ങള്‍ അരങ്ങേറുന്നത്‌ അവിടെയാണ്‌.എംബസി വളപ്പിലേക്ക്‌ ചുവടു വെക്കും മുമ്പ്‌ ഞാന്‍ ആ കാത്തിരിപ്പു സ്ഥലത്തേക്ക്‌ ഒന്നൂടെ നോക്കി. നാലു വര്‍ഷം മുമ്പ്‌ ഇതുപോലൊരു ദിവസമാണ്‌ ജോയിയെ അവിടെ കണ്ടു മുട്ടിയത്‌; ജീവിതത്തിന്റെ ഗതിമാറ്റിയ ദിവസം.
നാട്ടില്‌ പല പരിപാടിം നോക്കീട്ട്‌ ക്ലെച്ചു പിടിക്കാതെ വന്നപ്പഴാ ഞാന്‍ മദ്രാസിലോട്ട്‌ പോന്നത്‌. ഒരു കിലോമറ്റര്‍ അകലെ അണ്ണാ സ്‌ട്രീറ്റില്‍ കൂട്ടുകാരന്‍ എബീടെ കൂടെ താമസിച്ച്‌ തൊഴില്‍ അന്വേഷണം തൊങ്ങീട്ട്‌ രണ്ടു മാസത്തോളം കഴിഞ്ഞിട്ടുണ്ടാകണം. ആന്‍ഡേഴ്‌സണ്‍ റോഡിലെ എസ്‌.കെ എന്റര്‍പ്രൈസസില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒഴിവിലേക്ക്‌ വാക്ക്‌ ഇന്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന്‌ പത്രത്തില്‍ കണ്ടാണ്‌ അന്ന്‌ ഈ വഴി വന്നത്‌. ഇന്റര്‍വ്യൂന്റെ തലേന്നു തന്നെ ഓഫീസ്‌ എവിടാന്ന്‌ കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. അതിനെടേലാണ്‌ അവിശ്വസനീയമായ ആ കാഴ്‌ച്ച കണ്ട്‌ ഞെട്ടിയത്‌. ആ ഫുട്‌പത്തില്‌ ഇരു കൈകളും നെറ്റിയില്‍ ഊന്നി കണ്ണടച്ചിരുന്ന്‌ ജോയി കൊന്തചൊല്ലുന്നു!. ഞായറാഴ്‌ച്ചകളില്‍ പാതിക്കുര്‍ബാന കഴിയുമ്പോ മാത്രം പള്ളീ വരുകേം പുറത്തുനിന്ന്‌ ബാക്കി കണ്ടെന്നു വരുത്തി മടങ്ങുകേം ചെയ്യുന്ന ജോയി. ഒരു ക്രിസ്‌മസിനു പോലും പാതിരാ കുര്‍ബാന മുടക്കുന്ന പതിവില്ലാതിരുന്ന ഞാന്‍ ആ സമയത്ത്‌ പള്ളിമുറ്റത്തിരുന്ന്‌ പരദൂഷണം പറയാന്‍ തൊടങ്ങിയത്‌ അവന്റെ നിര്‍ബന്ധത്തിലാ. ഈസ്റ്ററിന്‌ പുലര്‍ച്ചെ പള്ളീല്‌ ഉയിര്‍പ്പിന്റെ പ്രാര്‍ത്ഥന നടക്കുമ്പോ അധികം ദൂരത്തല്ലാത്ത രഹസ്യ താവളത്തില്‌ നോമ്പുവീടല്‍ ആഘോഷിക്കാറുണ്ടായിരുന്ന ഞങ്ങടെ സംഘത്തിന്റെ തലവനും അവനായിരുന്നു. അന്നൊക്കെ കുര്‍ബാന കൈക്കൊണ്ടിട്ട്‌ മൂന്നാലു വര്‍ഷമായെന്നും താന്‍ കുമ്പസാരിച്ചാല്‍ അച്ചന്‍ ബോധംകെട്ടു വീഴുമെന്നുമൊക്കെ പറയുമ്പോള്‍ ജോയീടെ മുഖത്ത്‌ അഭിമാനത്തിന്റെ തിളക്കമായിരുന്നു.കല്യാണത്തിന്‌ വേദപാഠം കേപ്പിക്കാന്‍ പോയപ്പം നാലു തവണ റിപ്പീറ്റ്‌ അടിച്ചിട്ടും ഒരു വരിപോലും പറയാന്‍ കഴിയാതിരുന്ന ജോയിക്ക്‌ വികാരിയച്ചന്‍ അനുകമ്പ തോന്നി കുറി നല്‍കിയതും നാട്ടില്‍ പാട്ടാരുന്നു. അവന്റെ മദ്യപാനവും രാത്രി സഞ്ചാരവുമായി ബന്ധപ്പെട്ടുള്ള കഥകള്‍ വേറെയും. അതേ ജോയി ഇതാ നുങ്കംപാക്കത്തെ തെരുവോരത്തിരുന്ന്‌ കണ്ണടച്ച്‌ കൊന്തചൊല്ലുന്നു!. എന്റെ പാറേ മാതാവേ, ഇതെന്തോന്ന്‌ മറിമായം?.
ഞാന്‍ തൊട്ടടുത്ത്‌ നില്‍ക്കുന്നതൊന്നും അവന്‍ അറിയുന്നില്ല. കൊന്തയുടെ മണികള്‍ അതിവേഗത്തില്‍ ഉരുട്ടിവിടുകയാണ്‌.ആണുങ്ങളും പെണ്ണുങ്ങളും ഉള്‍പ്പെടെ വേറെ കുറെ ആളുകളും നടപ്പാതയില്‍ ഇരിപ്പുണ്ട്‌. അവരില്‍ ചെലരും പ്രാര്‍ത്ഥനേലാണെന്ന്‌ എനിക്കു മനസിലായി. ഏതാനും പേര്‍ നിന്നോണ്ട്‌ സംസാരിക്കുന്നു.ഇത്രേം കാലം ചെയ്‌ത പാപങ്ങളില്‍ മനസ്‌തപിച്ച്‌ ജോയി വല്ല വഴിയോര പ്രാര്‍ത്ഥാനാ സംഘത്തിലും ചേര്‍ന്നോ?ഏതായാലും അവന്റെ പ്രാര്‍ത്ഥന തടസപ്പെടുത്തേണ്ട. വെറുതെ ഇരുന്ന ഒരച്ചായനോട്‌ വിവരം തിരക്കി.
``ഇവിടെ എന്നാ പരിപാടി?''
തൊട്ടപ്പുറത്ത്‌ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസാണെന്നും അവിടെ ഇന്റര്‍വ്യൂവിന്‌ കേറീരിക്കുന്നോരുടെ കൂടെ വന്നോരാണ്‌ വഴിയോരത്ത്‌ പ്രാര്‍ത്ഥിക്കുന്നതെന്നും അപ്പഴാ മനസിലായെ. ജോയി കൊന്ത ചൊല്ലുന്നത്‌ ഭാര്യക്കു വേണ്ടിയാണെന്ന്‌ ഒറപ്പ്‌.ഇടക്ക്‌ തല ഉയര്‍ത്തിയപ്പോള്‍ അവന്‍ എന്നെ കണ്ടു. അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെ ആശ്ചര്യമൊന്നും ആ മുഖത്ത്‌ തെളിഞ്ഞില്ല.
``പെമ്പ്രന്നോത്തി ഇന്റര്‍വ്യൂന്‌ കേറിരിക്കുവാ. ഇത്‌ രണ്ടാം തവണയാ. ഇപ്പത്തന്നെ കാശെത്ര പോയെന്ന്‌ അറിയാവോ?. ഇത്തവണയെങ്കിലും കരകേറിയില്ലെങ്കി...ങ്‌ഹാ, നീയെന്നാ ഇവിടെ? ഇവിടെ അടുത്താണോ ജോലി?''എന്റെ ജോലീടെ വിശേഷം അവനോട്‌ മറച്ചുവെച്ചില്ല. ഞാന്‍ പോന്നുകഴിഞ്ഞശേഷമുള്ള ചില നാട്ടുവിശേഷങ്ങള്‍ അവന്‍ ധൃതിയില്‍ പറഞ്ഞൊപ്പിച്ചു.
``നേഴ്‌സുമാര്‍ക്കു മാത്രവാ ഇന്റര്‍വ്യൂ?''
``കൂടുതലും നേഴ്‌സുമാരാ. അല്ലാത്തോരുവൊണ്ട്‌. അധികംപേരും കോട്ടയംകാരാ. നമ്മടെ തയ്യക്കാരന്‍ ചാക്കോച്ചേട്ടന്‍ ദേ അപ്രത്തുണ്ട്‌. മോളേംകൊണ്ടു വന്നതാ.''
ജോയി പറയും മുമ്പേ അവിടെ കോട്ടയം ജില്ലക്കാരുടെ ഭൂരിപക്ഷം എനിക്ക്‌ ബോധ്യപ്പെട്ടിരുന്നു. അവന്‌ പ്രാര്‍ത്ഥന മുഴുമിപ്പിക്കാന്‍ അവസരം കൊടുത്ത്‌ ഞാന്‍ ചാക്കോച്ചേട്ടന്റെ അരിക്കലേക്ക്‌ ചെന്നു. പുള്ളീം ടെന്‍ഷനിലാണ്‌. ചേര്‍പ്പുങ്കപ്പള്ളീലെ നൊവേനപ്പുസ്‌തകമൊണ്ട്‌ കയ്യില്‍. എന്നോട്‌ വര്‍ത്താനം പറേന്നേനെടേലും ഇടതുവശത്തേക്ക്‌ പാളി നോക്കുന്നുണ്ട്‌. ഇന്റര്‍വ്യൂ കഴിഞ്ഞ്‌ മകള്‍ എറങ്ങി വരുന്നുണ്ടോന്ന്‌.
ഇന്നിപ്പം നാട്ടുകാരെ രണ്ടു പേരെ കണ്ടു. ഇക്കണക്കിന്‌ മണിമലേന്നും കറിക്കാട്ടൂരീന്നുമൊക്കെ എത്രപേര്‌ ഇവിടെ വന്ന്‌ പോകുന്നൊണ്ടാരിക്കും?.ജോലി ശരിയായാലും ഇല്ലേലും എടക്ക്‌ ഇതുവഴി വന്നുപോയാല്‍ കുറെ നാട്ടുകാരെ കാണാമെന്നു തോന്നി. വെറുതേ മുറീക്കെടന്ന്‌ ഒറങ്ങുന്ന നേരത്ത്‌ പത്ത്‌ പുരാതന റോമന്‍ കത്തോലിക്കാ പെങ്കൊച്ചുങ്ങളെ കാണാല്ലോ.അന്ന്‌ ജോയീടെ ഭാര്യക്ക്‌ വിസ കിട്ടി. ചാക്കോച്ചേട്ടന്റെ മകള്‍ കടന്നുകൂടിയില്ല. ``ആദ്യത്തെ പ്രാവശ്യവല്ലേ, കൊഴപ്പമില്ല. അടുത്ത തവണ ശരിയാകും'' അത്രേം നേരം ഭാര്യേടെ കാര്യമോര്‍ത്ത്‌ വേവലാതിപ്പെട്ടിരുന്ന ജോയിയാണ്‌ ചാക്കോച്ചേട്ടനെയും മകളെയും ആശ്വസിപ്പിച്ചത്‌. അവരോട്‌ യാത്രപറഞ്ഞ്‌ ഞാന്‍ മടങ്ങി.പിറ്റേന്ന്‌ എസ്‌.കെ എന്റര്‍പ്രൈസസില്‍ ഇന്റര്‍വ്യൂവിന്‌ ചെന്നപ്പോള്‍ രണ്ട്‌ ഒഴിവുകളിലേക്ക്‌ അപേക്ഷകര്‍ നൂറിലേറെ. സാഹസത്തിന്‌ തുനിയാതെ മടങ്ങി. നേരെ ആന്‍ഡേഴ്‌സണ്‍ റോഡിലെത്തി. അവിടെ നാട്ടുകാരാരും ഉണ്ടാരുന്നില്ലെങ്കിലും അതിരമ്പുഴേന്നും പാലായീന്നുമൊക്കെ വന്ന ചെലരെ പരിചയപ്പെട്ടു. വൈകാതെ ഞാന്‍ അവിടുത്തെ പതിവ്‌ സന്ദര്‍ശകനായി. ഇന്റര്‍വ്യൂ കഴിഞ്ഞ്‌ ആരും വരാനില്ലാതെ കാത്തിരിക്കുന്ന ഒരേയൊരാള്‍. എങ്കിലും ചുറ്റുപാട്‌ മോശമില്ലാരുന്നു. ആളുകള്‍ മാറിവരുമെങ്കിലും അടിസ്ഥാനപരമായി ഒരു അച്ചായന്‍ കൂട്ടായ്‌മ. നഴ്‌സുമാര്‍ പൊതുവേ സുന്ദരികളും പെട്ടെന്ന്‌ അടുത്ത്‌ ഇടപഴകുന്നവരുമാണെന്ന്‌ മനസിലാക്കാന്‍ അധികദിവസം വേണ്ടിവന്നില്ല.
ഇന്റര്‍വ്യൂനൊള്ളോരെ എംബസീലേക്ക്‌ കേറ്റിവിട്ടിട്ട്‌ ആ കാത്തിരിപ്പു സ്ഥലത്ത്‌ എത്തുമ്പോള്‍ ആദ്യം എല്ലാരും ഭയങ്കര വാചകമടിയാരിക്കും. പരിചയപ്പെടടലിലാണ്‌ തൊടക്കം. പിന്നെ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ട്‌ ഓരോരുത്തര്‍ക്കും അറിയാവുന്ന വിവരങ്ങളും ഊഹോപോഹങ്ങളും വെളമ്പും.?
``അകത്ത്‌ നാലു കൗണ്ടറാ. രണ്ടെടത്ത്‌ സായ്‌പന്‍മാരാ. ഒന്നിലൊരു മദാമ്മ. നാലാമത്തെ കൗണ്ടറില്‍ ഒരു നീഗ്രോയാ. അവിടെ കിട്ടിയാ രക്ഷപ്പെട്ടു. പുള്ളി പാവാ. ചോദിച്ച്‌ കൊഴപ്പിക്കുകേല. ഇന്നലെ പുള്ളീടരിക്കല്‍ ചെന്ന എല്ലാര്‍ക്കും വിസ കിട്ടിയെന്നാ കേട്ടെ''- കണ്ണൂര്‍ ചെമ്പന്‍തൊട്ടിക്കാരി റിന്‍സിക്കൊപ്പം വന്ന ചേച്ചി റാണിയില്‍നിന്നാണ്‌ എംബസിക്കുള്ളിലെ സംവിധാനത്തെക്കുറിച്ച്‌ ഞാന്‍ ആദ്യം അറിഞ്ഞത്‌.
``ഇന്നലെ ആ തള്ള നല്ല മൂഡിലാരുന്നെന്നു തോന്നുന്നു. എല്ലാരെയും കടത്തിവിട്ടു. ഇന്ന്‌ എങ്ങനാണോവോ''- നഴ്‌സുമാര്‍ വില്ലത്തി പരിവേഷം നല്‍കിയ മദാമ്മയെക്കുറിച്ച്‌ പിറവംകാരി സോണിയക്കൊപ്പം വന്ന കൂട്ടുകാരി ജാന്‍സിയാണ്‌ അതു പറഞ്ഞത്‌.
``സൗദി ആരാംകോയില്‌ ജോലി ചെയ്‌തിട്ടുള്ളോര്‍ക്ക്‌ പെട്ടെന്ന്‌ കിട്ടുവെന്നാ കേട്ടെ''.
``കോട്ടൊക്കെ ഇട്ടു വന്നില്ലേ, കൊറെ പിള്ളാര്‌. അവര്‌ കോട്ടയത്തെ ഒരു ഏജന്‍സീല്‌ പഠിച്ചതാ. ഏജന്‍സിക്ക്‌ ഇവിടെ പിടിപാടൊണ്ടെന്നൊക്കെയാ പറയുന്നെ. അവരെ തിരിച്ചറിയാന്‍ വേണ്ടീട്ടാ കോട്ടിടുന്നേ. അവിടുന്നു വരുന്നേര്‍ക്കെല്ലാം വീസ കിട്ടുന്നൊണ്ടെന്നാ പറച്ചില്‌''
``കൊച്ചീന്ന്‌ ശരിയാകുവെന്നോര്‍ത്തിരിക്കുവാരുന്നു. ഇത്‌ മൂന്നാം തവണയാ ഇവിടെ വരുന്നേ. കാശു പിന്നേം പോട്ടെന്നു കരുതാം. ഈ മെനക്കേടോ''
ചര്‍ച്ചകള്‍ ഇങ്ങനെ പോകുന്നു. സമയം പിന്നിടുംതോറും കാത്തിരുപ്പുകാരുടെ മട്ടു മാറും. അപ്രത്തെ മതില്‍ക്കെട്ടിനുള്ളില്‍ കുടുംബത്തിന്റെ ഭാവിയാണ്‌ നിര്‍ണയിക്കപ്പെടുന്നത്‌. തിച്ചറിവായശേഷം ഒരിക്കലും വൈകിട്ട്‌ കുരിശുവരേടെ നേരത്ത്‌ വീട്ടില്‍ ഇരുന്നിട്ടില്ലാത്തോരൊക്കെ മകള്‍ക്കു വേണ്ടി, അല്ലെങ്കില്‍ ഭാര്യക്കു വേണ്ടി കൊന്തയുരുട്ടി, നെഞ്ചുരികി പ്രാര്‍ത്ഥിച്ചു തൊടങ്ങും. ടെലിവിഷന്‍ സീരിയലിന്റെ ഇടവേളേല്‌ ഗുളികപ്പരുവത്തില്‍ കുരിശുവര നടത്തുന്ന പതിവുകാര്‌ 153മണി ജപം ചൊല്ലും. അങ്ങനെ ആ റോഡുവക്ക്‌ മൊത്തത്തില്‍ ഒരു പ്രാര്‍ത്ഥാനാ കേന്ദ്രമായി മാറും. അറിയാവുന്ന ദൈവങ്ങളെയും വിശുദ്ധരെയും മുറുകെപ്പിടിച്ചിരിക്കുവാണേലും ആ സമയത്ത്‌ നെഞ്ചു പെരുമ്പറ കൊട്ടുമെന്നും ഉള്ളംകൈ വിയര്‍ക്കുമെന്നും ശരീരത്തിന്‌ കനം കൊറയുന്ന പോലെ തോന്നുമെന്നും പലരും പറഞ്ഞറിഞ്ഞു.
അങ്ങനെയിരിക്കുമ്പം എംബസി ഓഫീസീന്ന്‌ ഇന്റര്‍വ്യൂ കഴിഞ്ഞോര്‌ ഓരോരുത്തരായി എറങ്ങിവരും. കടന്നുകൂടിയോര്‌ ദൂരേന്നുതന്നെ അകമ്പടിക്കാരെ വിജയചിഹ്നം കാണിക്കും. അപ്പോ അവിടെ ആഹ്ലാദാരവം മുഴങ്ങും. തട്ടിപ്പോയോര്‌ ശിരസു കുനിച്ചു വരുന്നതു കാണുമ്പോള്‍ ഉറ്റവരുടെ മനസു വിങ്ങും. പിന്നെ വിസ കിട്ടിയവരുടെ വീരവാദങ്ങളും പരാജയപ്പെട്ടവരുടെ ന്യായീകരണവുമൊക്കെയാണവിടെ. ``ഈസിയാരുന്നു. വീട്ടു കാര്യോം നാട്ടുകാര്യോമൊക്കേ ചോയിച്ചൊള്ളൂ'' പതിവായി കേള്‍ക്കുന്ന ഒരു കഥ ഇതാണ്‌.
``ചോയിച്ചേനെല്ലാം കൃത്യമായി മറുപടി പറഞ്ഞതാ. എന്നാ പറ്റീന്ന്‌ അറിയത്തില്ല'' ഇംഗ്ലീഷ്‌ പരിജ്ഞാനം പോര എന്ന കാരണം എംബസി രേഖാമൂലം നല്‍കിയത്‌ കയ്യില്‍ വെച്ചോണ്ട്‌ ചെലര്‌ ഇങ്ങനേം പറയും.
അങ്ങനെ എംബസീല്‌ ഇന്റര്‍വ്യൂ ഒള്ള ദിവസങ്ങളിലെല്ലാം ആ റോഡുവക്ക്‌ സജീവമാണ്‌.വഴിയോര കാത്തിരിപ്പ്‌ കൂട്ടായ്‌മയില്‍ പതിവുകാരനായതോടെ എംബസി കാര്യങ്ങളെക്കുറിച്ചുള്ള എന്റെ അറിവു കൂടി. എംബസിലെ സെക്യൂരിറ്റി ജീവനക്കാരനെ പോലും പരിചയമില്ലേലും ഇവിടെ വന്നുപോകുന്നവര്‍ പറഞ്ഞ വിവരങ്ങളുടെ ബലത്തില്‍ ഇന്റര്‍വ്യൂനെക്കുറിച്ച്‌ ഞാന്‍ ആധികാരികമായി സംസാരിച്ചു തൊടങ്ങി.ഇന്റര്‍വ്യൂന്റെ തലേന്ന്‌ ചുറ്റുപാട്‌ പഠിക്കാനെത്തുന്നോര്‍ക്കും മറ്റും അകത്തു നടക്കാവുന്ന കാര്യങ്ങള്‍ വിശദമായി പറഞ്ഞുകൊടുത്തു. വിസ നേടിയവരില്‍ ചെലര്‌ എന്റെ പ്രവചനം പോലെ കാര്യങ്ങള്‍ നടന്നെന്നു പറഞ്ഞ്‌ അഭിനന്ദിക്കുവാരുന്നു. മറ്റു ചെലര്‌ ഇനി ഇന്റര്‍വ്യൂന്‌ വരാനിരിക്കുന്ന ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും കൊടുക്കാനായി മൊബൈല്‍ നമ്പര്‍ വാങ്ങും.അതിനിടെ നുങ്കംപാക്കത്തുതന്നെ ഒരു കോള്‍ സെന്ററില്‍ എനിക്ക്‌ ജോലി കിട്ടി. എന്നു കരുതി ആന്‍ഡേഴ്‌സണ്‍ റോഡിലെ നസ്രാണിപ്പെങ്ങമ്മാരെ മറക്കാന്‍ പറ്റുവോ? രാത്രിയിലെ ജോലിക്കുശേഷം രണ്ടോ മൂന്നോ മണിക്കൂര്‍ ഒറങ്ങും. എന്നിട്ട്‌ നേരെ ഇങ്ങുപോരും. എന്റെ പതിവ്‌ സന്ദര്‍ശനത്തില്‍ ചെക്‌ പോസ്റ്റിലെ പോലീസുകാര്‍ക്ക്‌ സംശയം തോന്നി. ഒരു ദിവസം പിടിക്കുകേം ചെയ്‌തു. അത്യാവശ്യം ആളെപ്പറ്റിക്കാനുള്ള തമിഴ്‌ വശമുണ്ടായിരുന്നതുകൊണ്ട്‌ തടിയൂരി. വൈകാതെ ആ പോലീസുകാരുമായും സൗഹൃദത്തിലായി.പറമ്പത്തെ ഷൈനി, തെക്കേക്കടവിലെ സെലിന്‍, കൊന്നമൂട്ടിലെ ആന്‍സി, പള്ളിക്കുന്നേലെ ബേബിച്ചായന്റെ മകള്‍, കടവിലെ ജിമ്മീടെ പെങ്ങള്‌....അങ്ങനെ നാട്ടുകാരും ബന്ധുക്കളുമൊക്കെയായി ഒരുപാടു പേരെ ഏഴെട്ടു മാസത്തിനിടെ ഇവിടെവെച്ചു കണ്ടു. നാട്ടീവെച്ച്‌ എന്റെ കയ്യിലിരുപ്പ്‌ വളരെ കേമമായിരുന്നതുകൊണ്ട്‌ അവരില്‍ പലരും തുടക്കത്തില്‍ അടുപ്പോം പരിചയോം കാട്ടാന്‍ മടിച്ചു. പക്ഷെ, രണ്ടാമത്തെയും മൂന്നാമത്തെയും അറ്റംപ്‌റ്റിനായി വന്നോരു പലരും എന്നോട്‌ പരിചയം പുതുക്കുന്നതു കാണുമ്പോ നാട്ടുകാരും പയ്യെ അടുത്തുകൂടും. കുശലാന്വേഷണം നടത്തും, പിന്നെ ഉപദേശം തേടും. ഞാന്‍ എന്തിനാ ഇവിടെ ചുറ്റിത്തിരിയുന്നതെന്ന്‌ അവരില്‍ പലരും നേരിട്ടും വളഞ്ഞവഴിക്കും ചോദിച്ചു.
``തൊട്ടടുത്താ താമസം. ഡ്യൂട്ടി രാത്രീലാ. നിങ്ങളെപ്പോലെ നാട്ടുകാരു വല്ലോം ഒണ്ടോന്ന്‌ അറിയാന്‍ പകല്‌ ഇതിലേ ചുമ്മാ ഒന്നു വരും. അത്രേയുള്ളൂ''-റെക്കോര്‍ഡ്‌ ചെയ്‌തു വെച്ചപോലെയാണ്‌ എന്റെ മറുപടി.ഈ കൂട്ടായ്‌മയുടെ ഭാഗമാകുന്നതും പത്തു കോട്ടയം നേഴ്‌സുമാരുമായി വര്‍ത്താനം പറയുന്നതുമൊക്കെ നമ്മക്കൊരു ചെറിയ സന്തോഷവാണെന്ന്‌ അവരോട്‌ പറയാമ്പറ്റുവോ?.
ഒരു ദിവസം അപ്പന്‍ ഫോണീ വളിച്ചു. ``മദ്രാസില്‌ ഇന്റര്‍വ്യൂന്‌ വരുന്നോരെല്ലാം നിന്നെ കണ്ടെന്നാണല്ലോ പറയുന്നേ. സൊഭാവത്തിന്‌ ഇപ്പഴും ഒരു മാറ്റോമില്ലല്ലേ?'' എംബസീടെ തൊട്ടടുത്ത കെട്ടിടത്തിലാ താമസമെന്നും റൂമീന്ന്‌ പൊറത്തെറങ്ങുമ്പഴാ നാട്ടുകാരെ കാണുന്നതെന്നും പറഞ്ഞെങ്കിലും അപ്പന്‌ വിശ്വാമായിട്ടില്ലെന്ന്‌ ഒറപ്പാരുന്നു.അങ്ങനെയിരിക്കെയാണ്‌ ഒരു ദിവസം നാട്ടുകാരി ബിന്‍സിയെ ആ വഴിവക്കില്‍ വെച്ചു കണ്ടത്‌. വടക്കേപ്പറമ്പിലെ ചാണ്ടിസാറിന്റെ ഒരേയൊരു മകള്‍. സുന്ദരി, നല്ലൊരു പാട്ടുകാരി തുടങ്ങി പല സവിശേഷതകളുമുള്ളതുകൊണ്ട്‌ നാട്ടില്‍ ഞാന്‍ ഉള്‍പ്പെടെ ഒരുപാടു ചെറുപ്പക്കാരുടെ സ്വപ്‌നങ്ങളില്‍ കൂട്ടുകാരിയുടെയും കാമുകിയുടെയും ഭാര്യയുടെയും റോളില്‍ അവള്‍ പ്രത്യക്ഷപ്പെട്ടതിന്‌ കണക്കില്ല. വളയാത്ത പിള്ളാരെക്കുറിച്ച്‌ ചെറുപ്പക്കാര്‌ പരദൂഷണം പരത്തുന്നത്‌ സര്‍വസാധാരണമാണല്ലോ. ഇവളെക്കുറിച്ച്‌ ഒരു കഥ കെട്ടിച്ചമച്ചോണ്ടുവന്നതിനാ ഒരു കള്ളുകുടിക്കിടെ പാലച്ചോട്ടിലെ സിബിക്കിട്ട്‌ ഞാനൊന്നു പൊട്ടിച്ചത്‌.അതുകൊണ്ടെന്നാ? ഞാനും അവനും തെറ്റിയത്‌ മിച്ചം. ഞാങ്കൊടുത്ത കത്ത്‌ അവള്‌ കീറി എറിഞ്ഞു. കൊല്ലം മൂന്നാലു കഴിഞ്ഞിരിക്കുന്നു. എങ്കിലും ബിന്‍സി ഒന്നും മറന്നിട്ടൊണ്ടാകില്ല.എന്നെ കണ്ടപ്പഴേ മുഖം തിരിച്ചു. അപ്പന്‍ പറഞ്ഞപോലെ എന്റെ സൊഭാവം മാറീട്ടില്ലെന്ന്‌ അവളും കരുതുന്നുണ്ടാകും. റോഡുവക്കില്‍ കാത്തിരിക്കുന്നവര്‍ക്കിയില്‍ ഞാന്‍ പതിവുപോലെ കുശലാന്വേഷണങ്ങളും അറിവു വിളമ്പലും തുടര്‍ന്നു. ചെക്‌പോസ്റ്റില്‍നിന്നും അധികം ദൂരത്തല്ലാതെ ഇരുപ്പുറപ്പിച്ച അവള്‍ അടുത്തുള്ള ചെലരോടും ഇന്റര്‍വ്യൂ കഴിഞ്ഞ്‌ വരുന്നോരോടും സംസാരിക്കുന്നുണ്ട്‌. എന്റെ ചുറ്റിനും നാലഞ്ചാളുകള്‍ കൂടി. എന്റെ പഴയ പരിചയക്കാര്‍.
അരമണിക്കൂര്‍ കഴിഞ്ഞുകാണും. അവള്‍ ചിരിച്ചുകൊണ്ട്‌ എന്റരിക്കല്‍ വന്നു.ഒള്ളതു പറഞ്ഞാ എന്റെ കയ്യും കാലും വെറക്കാന്തൊടങ്ങി. ഒരുപാട്‌ പെമ്പിള്ളേരുമായി ഇടപെട്ടിട്ടുണ്ടെങ്കിലും ധൈര്യം മുഴുവന്‍ ചോര്‍ന്നു പോകുന്നപോലെ.
``സണ്ണിയല്ലേ?''
``ങ്‌ഹേ...''ഒരു ഞെട്ടലായിരുന്നു എന്റെ പ്രതികരണം.
``കുരിശുങ്കലെ സണ്ണിയല്ലേ''
``അതെ''
``എനിക്ക്‌ ആദ്യം മനസിലായില്ല കേട്ടോ. എന്താ ഇവിടെ?''
അവള്‍ വളരെ കൂളാ. ഈ ചുറ്റുവട്ടത്തെ എന്റെ സ്വാധീനം അറിഞ്ഞിട്ട്‌ എന്തോ കാര്യം കാണാനാ വരവ്‌. എന്നിട്ട്‌ ഒന്നുമറിയാത്ത പോലെ വര്‍ത്താനം പറയുന്നു.
``തൊട്ടടുത്താ താമസം. ഡ്യൂട്ടി രാത്രീലാ. നാട്ടുകാരു വല്ലോം ഒണ്ടോന്ന്‌ അറിയാന്‍ പകല്‌ ഇതിലേ ചുമ്മാ ഒന്നു വരും അത്രേയുള്ളൂ''-ഞാന്‍ പതിവു മറുപടി ആവര്‍ത്തിച്ചു.
``ജോലി എവിടാ''
``ഇവിടെ അടുത്ത്‌ ഒരു കോള്‍ സെന്ററിലാ...''ധൈര്യം വീണ്ടുകിട്ടിത്തുടങ്ങിയിരിക്കുന്നു.
``ബിന്‍സി ഇപ്പോ എവിടാ വര്‍ക്കു ചെയ്യുന്നേ? അപ്രത്ത്‌ ആരാ ഇന്റര്‍വ്യൂന്‌?.''
``ഞാന്‍ ഇവിടെ അപ്പോളോ ഹോസ്‌പിറ്റലിലാരുന്നു. ഇപ്പോ നിര്‍ത്തി. ഇവിടെ മമ്മീടെ അനിയത്തീടെ വീട്ടിലാ താമസം. എനിക്ക്‌ നാളെ ഇന്റര്‍വ്യൂ ഉണ്ട്‌. ചുറ്റുപാടൊക്കെ ഒന്ന്‌ അറിയാവല്ലോന്നുകരുതി വന്നതാ.''
``അതിന്റെ ആവശ്യമില്ല. കൂടുതല്‌ പേടിയൊള്ളോരാ തലേന്നൊക്കെ വരുന്നേ. നേരെ അങ്ങോട്ടു ചെല്ലുക. ധൈര്യമായി ഇന്റര്‍വ്യൂ അറ്റന്റ്‌ ചെയ്യുക''-ഞാന്‍ ഉഷാറായിക്കഴിഞ്ഞു.
``സണ്ണി ഇവിടെ വരുന്ന എല്ലാര്‍ക്കും വല്യ സഹായവാണല്ലേ?. നാട്ടിപ്പോയപ്പം പലരും പറഞ്ഞു. ഇപ്പം ഇവിടേം.''
പാറേമാതാവേ! ചാണ്ടിസാറിന്റെ മോള്‌ ഇത്രക്ക്‌ മണ്ടിയാണോ?. പ്രീ ഡിഗ്രീം കംപ്യൂട്ടര്‍ ഡിപ്ലോമയും പിന്നെ കുറെ തരികിടകളും മാത്രം കൈമുതലായുള്ള ഞാന്‍ ബ്രിട്ടീഷ്‌ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ ഓഫീസില്‍ ഇന്റര്‍വ്യൂവിന്‌ വരുന്നോരെ സഹായിക്കുന്നെന്ന്‌ ഇവളും വിശ്വസിക്കുന്നോ?. അതോ എന്നെ അളക്കാനൊള്ള നീക്കവാന്നോ?``സഹായിക്കലൊന്നുമില്ല. പരിചയക്കാരെ വല്ലോം കണ്ടാല്‍ വെറുതെ ടെന്‍ഷനടിക്കണ്ടെന്ന്‌ ഉപദേശിക്കും. പിന്നെ ഇവിടെ വന്നുപോകുന്നോര്‌ പറഞ്ഞ്‌ അറിവുള്ള വിവരങ്ങളും ധരിപ്പിക്കും, അത്രയൊള്ളു''-അന്നാദ്യമായിട്ടാ അവിടെവെച്ച്‌ ഞാന്‍ ഒരു പെങ്കൊച്ചിന്റെ മുന്‍പില്‍ എളിമ കാട്ടുന്നെ.
``പഴേ വൈരാഗ്യമൊന്നുമില്ലല്ലോ അല്ലേ. അന്ന്‌ ഒരാവേശത്തിന്‌ ചെയ്‌തു പോയതാ'' അവസരം മുതലാക്കി ഞാന്‍ പറഞ്ഞു.
``എയ്‌, അതൊക്കെ പണ്ടല്ലേ. പഴയ കൂട്ടുകാരൊക്കെ നാട്ടിലൊണ്ടോ. അവരെ കോണ്‍ടാക്‌ട്‌ ചെയ്യാറൊണ്ടോ''
``ഓ, എവിടെ?. ഒരു കാലം കഴിഞ്ഞാ എല്ലാര്‍ക്കും അവരോരെടെ കാര്യവല്ലേ. വടക്കേപ്ലാമൂട്ടിലെ ജോണീം പുതുച്ചേരീലെ സന്തോഷും മുറിഞ്ഞപുരക്കലെ ഫിലിപ്പും നഴ്‌സുമാരെ കല്യാണം കഴിച്ച് ലണ്ടനില്‍ പോയി. തെക്കുമ്മുറീ ജോര്‍ജും കവലക്കലെ ജോബീം ഗള്‍ഫിലാ. ബാക്കിയൊള്ളോര്‌ നാട്ടീത്തന്നെയൊണ്ട്‌. ഇന്റര്‍വ്യൂവിന്റെ കടലാസെവിടെ?''
``നീഗ്രോയുടെ കൗണ്ടറാരിക്കുവെന്നാ പറയുന്നേ''-കടലാസു കൈമാറുന്നതിടെ അവള്‍ പറഞ്ഞു.ഇവളോട്‌ എന്റെ ഇല്ലാത്ത പാണ്ഡിത്യം വെളമ്പീട്ട്‌ കാര്യമില്ല. ഇനി ഒരിക്കല്‍കൂടി ഇവടെ മുന്‍പില്‍ നാണംകെടാന്‍ വയ്യ. വീണ്ടും എളിമ തന്നെ ശരണം.
``അതൊന്നും പറയാമ്പറ്റുകേല. ആള്‌ മാറി വരും. കുറുക്കു വഴിയൊന്നും നോക്കണ്ട. ധൈര്യമായിട്ടിരുന്നാ മതി''.
പിറ്റേന്ന്‌ അവള്‍ ഒറ്റക്കാണ്‌ ഇന്റര്‍വ്യൂന്‌ വന്നത്‌. ആന്‍ഡേഴ്‌സണ്‍ റോഡില്‍ ഇരിക്കുമ്പോള്‍ ഞാനോര്‍ത്തു; അങ്ങനെ ഒടുവില്‍ എനിക്കും കാത്തിരിക്കാന്‍ ഒരാളായി. എയ്‌, അവളെ ഞാനെന്തിന്‌ കാത്തിരിക്കണം?. വിസ കിട്ടിയാലും ഇല്ലെങ്കിലും എനിക്കെന്ത്‌?-മനസ്‌ പെട്ടെന്ന്‌ തിരുത്തി. എന്തായാലും പഴയ പരുക്ക്‌ തീര്‍ത്തതില്‍ ആശ്വാസം തോന്നി.
അന്നത്തെ ഇന്റര്‍വ്യൂവില്‍ അവള്‌ രക്ഷപ്പെട്ടില്ല. ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ടാ കാത്തിരിപ്പു സ്ഥലത്തേക്ക്‌ വന്നത്‌. എന്നെ കണ്ടപ്പം കണ്ണുനിറഞ്ഞൊഴുകി. ``സാരമില്ലെടോ. ഇവിടെ മൂന്നാം തവണയാ പലര്‍ക്കും കിട്ടുന്നേ. അവിടെ ചെന്നപ്പോ താന്‍ പേടിച്ചുപോയിക്കാണും. ധൈര്യമായിട്ടിരിക്ക്‌. അടുത്ത തവണ ഒറപ്പായിട്ടും കിട്ടും''-ഞാന്‍ പറഞ്ഞു
``താങ്ക്‌സ്‌''-കണ്ണീരു തൊടക്കുന്നതിനിടെ തൂവാലക്കുള്ളില്‍ കുടുങ്ങിപ്പോയെങ്കിലും അവളുടെ ശബ്‌ദം ഞാങ്കേട്ടു.
എന്റെ പാറേ മാതാവേ! ഇതെന്നാ ഒക്കെയാ നടക്കുന്നേ?. ഇന്ന്‌ ഇവള്‌ ഇന്റര്‍വ്യൂവില്‌ രക്ഷപ്പെട്ടിരുന്നേല്‌ ഒന്നു വെളുക്കെ ചിരിച്ചുകാണിച്ചിട്ട്‌ പോയേനെ. പണ്ട്‌ എന്റെ കത്ത്‌ വലിച്ചുകീറി എറിഞ്ഞ പെണ്ണ്‌ ദേ ഇപ്പോ ഒരു മദ്രാസിലെ പെരുവഴീല്‌ എന്റെ ആശ്വാസവാക്കിന്‌ നന്ദി പറയുന്നു. ദുഃഖം കൊണ്ട്‌ ചുവന്നപ്പോള്‍ അവളുടെ മുഖത്തിന്‌ സൗന്ദര്യം കൂടിയപോലെ.പിരിയുമ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ചോദിച്ചു വാങ്ങിയ അവള്‍ കുശലാന്വേഷണവുമായി പിറ്റേന്നു തന്നെ വിളിച്ചു.അടുത്ത അറ്റംപ്‌റ്റിന്‌ തയാറായിത്തുടങ്ങാന്‍ ഞാന്‍ ഉപദേശിച്ചു. ഫോണ്‍കോളുകള്‍ പതിവായി. ഇടക്ക്‌ രണ്ടു സായാഹ്നങ്ങളില്‍ കണ്ടുമുട്ടി. സ്‌പെന്‍സര്‍ പ്ലാസയിലെ കഫേയിലും മറീനാ ബീച്ചിലും ഇരിക്കുമ്പോള്‍ അടുത്ത സുഹൃത്തിനെപ്പോലെയായിരുന്നു അവളുടെ പെരുമാറ്റം. എനിക്ക്‌ അപ്പോഴും ഒന്നും വിശ്വസിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഒരു മാസം കഴിഞ്ഞു.അവളുടെ രണ്ടാമത്തെ ഇന്റര്‍വ്യൂ ദിനം. എന്നെ സംബന്ധിച്ചിടത്തോളം അര്‍ത്ഥസമ്പൂര്‍ണമായ ഒരു കാത്തിരിപ്പിന്റെ വേള. റോഡുവക്കില്‍ അന്ന്‌ കൂടുതല്‍ ആളുകളെ പരിചയപ്പെടാന്‍ മനസു തോന്നിയില്ല. പരിചയം പുതുക്കാന്‍ എത്തിയോരെ പെട്ടെന്ന്‌ ഒഴിവാക്കി.ഇന്റര്‍വ്യൂവിന്‌ കേറീരിക്കുന്നത്‌ പെങ്ങളും ഭാര്യേമൊന്നുമല്ലെങ്കിലും നെഞ്ചു പെരുമ്പറ കൊട്ടുന്നതും ഉള്ളംകൈ വിയര്‍ക്കുന്നതും ശരീരത്തിന്‌ കനം കൊറയുന്നതും ഞാനറിഞ്ഞു. ആദ്യമായി ഞാനും റോഡുവക്കില്‍ കൊന്തയുരുട്ടി. ജോയിയെപ്പോലെ, അതിനു മുന്‍പും ശേഷവും വന്ന വന്ന മറ്റു പലരെയുംപോലെ.എംബസി ഗേറ്റു കടന്നെത്തിയ അവള്‍ വലതു കൈയ്യുടെ പെരുവിരല്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ എന്റെ സന്തോഷം പറഞ്ഞറീക്കാന്‍ മേലാരുന്നു.രണ്ടാഴ്‌ച്ച കഴിഞ്ഞാല്‍ ബിന്‍സി ബര്‍മിംഗ്‌ഹാമിലേക്ക്‌ പറക്കും. വീട്ടിലേക്ക്‌ മടങ്ങും മുമ്പ്‌ യാത്രക്കു വേണ്ട സാധനങ്ങള്‍ വാങ്ങാന്‍ ഞങ്ങള്‍ ഒന്നിച്ചാണ്‌ പോയത്‌.
``ഇനി എന്നെങ്കിലും കാണാം''-സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന്‌ ചെന്നൈ-തിരുവനന്തപുരം മെയില്‍ പുറുപ്പെടുമ്പോള്‍ പുറത്ത്‌ അവളുടെ സീറ്റിനരികിലെ ജനാലക്കമ്പിയില്‍ പിടിച്ചു നില്‍ക്കുയായിരുന്ന ഞാന്‍ പറഞ്ഞു.
``വിളിക്കാം''-എന്റെ വിരലുകള്‍ക്കു മേല്‍ വലതു കൈപ്പടം അമര്‍ത്തിക്കൊണ്ടായിരുന്നു മറുപടി. നാട്ടില്‍ ചെന്നശേഷവും വിളി തുടര്‍ന്നു. നെടുമ്പാശേരി വിമാനത്താവളത്തീന്ന്‌ പുറപ്പെടുന്നതിനു തൊട്ടു മുന്‍പുവരെ. അക്കരെ കടന്നാല്‍ അവള്‍ ഈ ഇസ്‌പേഡ്‌ ഏഴാംകൂലിയെ ഓര്‍ക്കുവോ?-എന്റെ മനസു സംശയിച്ചു.പക്ഷെ, രണ്ടു ദിവസം കഴിഞ്ഞപ്പം എന്റെ മൊബൈലിലേക്ക്‌ 0044ല്‍ തുടങ്ങുന്ന നമ്പരീന്ന്‌ ഇന്‍കമിംഗ്‌ കോള്‍ വന്നു. പിന്നെ ബര്‍മിംഗ്‌ഹാം-ചെന്നൈ റൂട്ടില്‍ വണ്‍വേ കോളുകളും ടൂവേ ഈ-മെയിലുകളും ഒഴുകി. അതിനിടെ എനിക്ക്‌ കൊച്ചീല്‌ ഒരു ഭേദപ്പെട്ട ജോലി കിട്ടി.ആദ്യ അവധിക്കു വന്നപ്പോള്‍തന്നെ ബിന്‍സിക്ക്‌ കല്യാണാലോചനകള്‍ സജീവമായി. അവള്‍ ചാണ്ടിസാറിനോട്‌ നിലപാട്‌ വ്യക്തമാക്കി. മകളെ കുരിശുങ്കല്‍ അന്തോനീടെ തലതിരിഞ്ഞ മോനെക്കൊണ്ടു കെട്ടിക്കുന്നതിലും ഭേദം പള്ളീല്‌ ശവക്കുഴിയെടുക്കുന്ന കൂഞ്ഞൂഞ്ഞിന്‌ കൊടുക്കുന്നതാണെന്നായിരുന്നു ചാണ്ടിസാറിന്റെ നിലപാട്‌. പക്ഷെ അവളുടെ കടുംപിടുത്തത്തിനു മുന്നില്‍ ഒടുവില്‍ സാറിന്‌ വഴങ്ങേണ്ടിവന്നു.
``സണ്ണി ആന്റണി...'' കൗണ്ടറില്‍ പേരു വിളിച്ചപ്പഴാ ഞാന്‍ ഓര്‍മകളില്‍നിന്ന്‌ തിരിച്ചെത്തിയത്‌.അകത്ത്‌ സുന്ദരിയായ ഒരു ബ്രിട്ടീഷ്‌ വനിത. കാത്തിരിപ്പു സ്ഥലത്തെ കഥകളില്‍ നിറഞ്ഞുനില്‍ക്കുന്ന ദുഷ്‌ടയായ മദാമ്മ ഇവരായിരിക്കണം. മൂന്നു മിനിറ്റുകൊണ്ട്‌ എടപാടു കഴിഞ്ഞു.കുരിശിങ്കല്‍ അന്തോനീടെ തലതിരിഞ്ഞ മോന്റെ കയ്യില്‍ ബ്രിട്ടീഷ്‌ ഹൈക്കമ്മീഷന്റെ സീല്‌ പതിഞ്ഞ പാസ്‌പോര്‍ട്ട്‌!. ആശ്രിത വിസക്കാരനായി യു.കെയിലേക്ക്‌ പറക്കുന്ന നസ്രാണി യുവാക്കളുടെ ഗണത്തിലേക്ക്‌ ഒരാള്‍കൂടി.എംബസിയുടെ ഗേറ്റുകടന്ന്‌ ആന്‍ഡേഴ്‌സണ്‍ റോഡിലെത്തി ഞാന്‍ ഇടത്തേക്ക്‌ നോക്കി. പഴയ കാത്തിരിപ്പുകാരന്‍ ഇതാ വിജയശ്രീലാളിതനായി അവിടേക്ക്‌ എത്തുന്നു. ഫോണടിച്ചു. സജിയാണ്‌. വിസകിട്ടയ വിവരം പറയാനും എന്റെ കാര്യം അറിയാനും വിളിച്ചതാണ്‌. നാട്ടിലേക്ക്‌ മടങ്ങും മുമ്പ്‌ ഏതോ ബന്ധുവിട്ടില്‍ പോകാനായി അവര്‍ ഇന്റര്‍വ്യൂ കഴിഞ്ഞപ്പഴേ സ്ഥലം വിട്ടു. ഞങ്ങള്‍ പരസ്‌പരം അഭിനന്ദിച്ചു.
``തോമസു ചേട്ടന്റെ മോളു തട്ടിപ്പോയി. അങ്ങേരടെ ഒരുമാതിരി വര്‍ത്താനം കേട്ടപ്പഴേ എനിക്കു തോന്നിയതാ''. സജി പറഞ്ഞു. പതിവുപോലെ കാത്തിരിപ്പുകാരുടെ പ്രാര്‍ത്ഥനയും വിസ കിട്ടിയോരുടെ ആഹ്ലാദവും വീരവാദങ്ങളും കിട്ടാത്തവരുടെ പരിദേവനങ്ങളും ആന്‍ഡേഴ്‌സണ്‍ റോഡില്‍ നിറഞ്ഞു. ഞാന്‍ ആ റോഡുവക്കത്ത്‌ തെല്ലിട ഇരുന്നു. പാന്റ്‌സിന്റെ പോക്കറ്റില്‍നിന്ന്‌ കൊന്തയെടുത്ത്‌ ചുംബിച്ചു.