20061221

എന്നെ ഒന്നു വിരട്ടി വിട്ടേരു സാറേ........

വളരെ ചെറിയൊരു കവലയാണ് ഞങ്ങളുടേത്. വ്യാപാര സ്ഥാപനങ്ങള്‍
സമീപ വര്‍ഷങ്ങളില്‍ തുടങ്ങിയവ ഉള്‍പ്പെടെ പതിനഞ്ചോളം മാത്രം.

കൂലിപ്പണിക്കാര്‍ മുതല്‍ അ‍ഞ്ചക്ക ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍വരെ പകലത്തെ സമ്മര്‍ദ്ദങ്ങളില്‍നിന്ന്‌ ഒഴിഞ്ഞ്‌ വെടിവട്ടങ്ങളുടെയും പരദൂഷണങ്ങളുടെയും ചെറിയ സുഖത്തില്‍ അഭയം തേടാനെത്തുന്നതോടെ വൈകുന്നേരം കവല സജീവമാകും. പല സ്ഥങ്ങളിലായുള്ള ചെറു കൂട്ടങ്ങള്‍ എട്ടു മണിയോടെ പിരിഞ്ഞു തുടങ്ങും.

പണ്ട്‌ കാല്‍, അര തുടങ്ങിയ രൂപങ്ങളില്‍ കോര്‍ക്കു കൊണ്ട്‌ അടച്ച കുപ്പിയില്‍ നിറമില്ലാത്ത നാടന്‍ ചാരായം സുലഭമായിരുന്ന കാലത്ത്‌ മറ്റു പല കവലകളിലെയും പോലെ ഇവിടുത്തെയും സായാഹ്നങ്ങള്‍ ശബ്ദമുഖരിതമായിരുന്നു. ചാരായത്തില്‍ നീരാടിയവര്‍ വെള്ളത്തിലിട്ട ബ്ളേഡ്‌ കണക്കെ കവലയിലെത്തും. തുടക്കം വ്യക്തിഗത ഇനത്തിലായിരിക്കും. കുപ്പിയുടെ കോര്‍ക്കു തെറിച്ചപ്പോള്‍ മുതല്‍ തുറന്നിരിക്കുന്ന വായകളില്‍നിന്ന്‌ വെല്ലുവിളികളും ഭീഷണികളും പുളിച്ച വാക്കുകളും ഒഴുകിയിറങ്ങും. 'താരങ്ങളുടെ' എണ്ണം വര്‍ധിക്കുന്നതോടെ പരിപാടി ഡബിള്‍സും ടീം ഇനവുമൊക്കെയായി പുരോഗമിക്കും.

ഇതൊക്കെ പഴയ കഥ. കാലം കടന്നുപോയപ്പോള്‍ എ.കെ ആന്‍റണിയുടെ ദുര്‍ഭരണത്തില്‍ ഞങ്ങളുടെ കവല മരണവീടുപോലെയായി. പക്ഷെ തോല്‍ക്കാന്‍ മനസില്ലാത്തവര്‍ ആന്‍റണിയെ തോല്‍പ്പിച്ചതിന്‍റെ വിജയസ്മിതവുമായി രംഗപ്രവേശം ചെയ്തു. അവരുടെ മൊബൈല്‍ ബാറുകള്‍ കവലയിലെ വേഴാമ്പലുകളുടെ ദാഹമകറ്റി. പക്ഷെ അതും അധികകാലം മുന്നോട്ടു കൊണ്ടുപോകാന്‍ 'സോക്കേടുകാരായ' പോലീസുകാര്‍ സമ്മതിച്ചില്ല.

ഇപ്പോള്‍ അടിസ്ഥാന ആവശ്യങ്ങള്‍ക്കായി രണ്ടു കിലോമീറ്റര്‍ യാത്ര ചെയ്യണം. ഒരു ബാറും ബീവറേജസ്‌ കോര്‍പ്പറേഷന്‍റെ ചില്ലറ വില്‍പ്പനശാലയും ഉള്ളത്‌ അവിടെയാണ്‌.

ബാര്‍ സ്ഥിതിചെയ്യുന്ന കവലയില്‍നിന്ന്‌ ഞങ്ങളുടെ കവല വഴി കിഴക്കോട്ടുള്ള രാത്രിബസുകളില്‍ (വൈകുന്നേരം ഏഴുമണിക്കുശേഷം) വിയര്‍പ്പും മദ്യവും കൂടിക്കുഴഞ്ഞുള്ള ഗന്ധം നിറഞ്ഞു നില്‍ക്കും. എന്നു കരുതി ബസിലുള്ളവരെല്ലാം 'പാമ്പുകളാ'ണെന്ന്‌ തെറ്റിധരിക്കരുത്‌. നഞ്ചെന്തിനാ നാനാഴി?. കമുകറ പുരുഷോത്തമന്‍റെ ഓഡിയോ കാസറ്റ്‌ ടേപ്‌ റെക്കോര്‍ഡറില്‍ വലിഞ്ഞതുപോലെയുള്ള പാട്ടുകളും ഇത്തരം രാത്രി യാത്രകളില്‍ പതിവായി കേള്‍ക്കാം. സ്വാതിതിരുന്നാള്‍ കീര്‍ത്തനമായാലും ഏറ്റവും പുതിയ സിനിമയിലെ പാട്ടായാലും താളത്തിന്‌ വ്യത്യാസമുണ്ടാവില്ല. കാരണം സംഗീത സംവിധായകര്‍ ഓരേ ആളുകള്‍തന്നെയാണല്ലോ.

ഇപ്പോള്‍ ഞങ്ങളുടെ കവലയിലെ ഒരേയൊരു അനക്കം രാമേട്ടനാണ്. 40നടുത്ത്‌ പ്രായം. കൃശഗാത്രന്‍. ഉപജീവനത്തിന്‌ നല്ലൊരു കുലത്തൊഴിലില്‍ പ്രാവീണ്യമുണ്ട്‌. പക്ഷെ, വൈകുന്നേരങ്ങളില്‍ കവലയെ സജീവമാക്കുക എന്നത്‌ തന്‍റെ ജീവിത ദൗത്യങ്ങളിലൊന്നാണെന്ന്‌ അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.

വൈകുന്നേരം അഞ്ചു മുതല്‍ ഏതു സമയത്തും രാമേട്ടനെ കവലയില്‍ പ്രതീക്ഷിക്കാം. ചെറിയൊരു വാംഅപ്‌ ബ്രേക്കിനു ശേഷം കഥാനായകന്‍ സജീവമാകും. ഏഷ്യാനെറ്റിലെ ശ്രീകണ്ഠന്‍നായരും കൈരളി ചാനലിലെ ചെറിയാന്‍ ഫിലിപ്പും പി.ജിയുമൊക്കെ ആ മുഖത്തും ശരീരഭാഷയിലുമൊക്കെ മിന്നിമറയും. വാക്കുകളില്‍ വ്യത്യാസമുണ്ടാകുമെന്നു മാത്രം. അതത്‌ സമയത്ത്‌ നാവില്‍ വരുന്നതാണ്‌ വിഷയം. ചാര്‍ജ്‌ തീരുംവരെ ആ പ്രകടനം തുടരും.

ഒരു ദിവസം വൈകുന്നേരം രാമേട്ടന്‍ കവലയില്‍ തിമിര്‍ത്താടുകയാണ്‌. പെരുവിരലില്‍നിന്നുകൊണ്ട്‌ കവല നടുങ്ങുന്ന വോളിയത്തിലാണ്‌ 'പ്രഭാഷണം'. പെട്ടെന്നാണ്‌ പടിഞ്ഞാറുനിന്ന്‌ ഒരു പോലീസ്‌ ജീപ്പ്‌ പാഞ്ഞുവന്നത്‌. ജീപ്പ്‌ തന്നെ കടന്നുപോയപ്പോഴാണ്‌ രാമേട്ടന്‍ വിവരമറിയുന്നത്‌. പെട്ടെന്ന്‌ സ്വിച്ച്‌ ഓഫാക്കിയതുപോലെ കക്ഷി നിശബ്ദനായി. പെരുവിരലില്‍നിന്ന്‌ പാദങ്ങളിലേക്ക്‌ പിന്‍വാങ്ങി, ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണാ... എന്ന രീതിയില്‍ നിലയുറപ്പിച്ചു.

പോലീസ്‌ ജീപ്പ്‌ നൂറു മീറ്ററോളം മുന്നോട്ടു പോയപ്പോള്‍ രാമേട്ടന്‍ വീണ്ടും സ്വിച്ച്‌ ഓണാക്കി. പക്ഷെ റിവേഴ്സില്‍ പാഞ്ഞെത്തിയ ജീപ്പ്‌ രാമേട്ടനെ ഇടിച്ചു-ഇടിച്ചില്ല എന്ന മട്ടില്‍ നിര്‍ത്തി. ബലിഷ്ഠകായനായ എസ്‌. ഐ ചാടയിറങ്ങി

"എന്നാടാ.......................... മോനേ"
സ്വതസിദ്ധമായ പോലീസ്‌ ശൈലിയില്‍ ആക്രോശിച്ചുകൊണ്ട്‌ പാഞ്ഞടുത്ത എസ്‌.ഐ ഇടംകൈകൊണ്ട്‌ രാമേട്ടന്‍റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച്‌ വലിച്ചടുപ്പിച്ചശേഷം വലം കൈ ഓങ്ങി.

"പ്ടം..... " രാമന്‍റെ ചെവിക്കല്ലു തകര്‍ക്കാന്‍ പോന്ന ഒരു അടി വീണെന്ന്‌ കവലയിലുണ്ടായിരുന്ന എല്ലാവരും ഉറപ്പിച്ച നിമിഷം.

പക്ഷെ, വലിച്ചടിപ്പിക്കുന്ന വേളയില്‍തന്നെ രാമേട്ടന്‍ അപ്രതീക്ഷിതമായി പ്രതികരിച്ചു. എസ്‌. ഐക്കു മുന്നില്‍ സവിനയം ചുരുണ്ടുകൂടി കൈകള്‍ കൂപ്പിക്കൊണ്ട്‌ ഉറക്കെ അഭ്യര്‍ത്ഥിച്ചു.

"എന്‍റെ പൊന്നു സാറേ.... എന്നെ തല്ലരുത്‌, ഒന്നു വിരട്ടി വിട്ടാല്‍ മതി!!!!!!!!!"

അടിക്കാനാഞ്ഞ എസ്‌.ഐ അറിയാതെ പൊട്ടിച്ചിരിച്ചുപോയി. ഒപ്പം കവല മുഴുവന്‍ ചിരിച്ചു.

എവനെയൊക്കെ എന്താ ചെയ്യുക... ? ഒപ്പമുണ്ടായിരുന്ന പോലീസുകാരനോട്‌ ചോദിച്ചുകൊണ്ട്‌ ജീപ്പില്‍ കയറുമ്പോഴും എസ്‌.ഐയുടെ ചിരി മാഞ്ഞിരുന്നില്ല.

പോലീസ്‌ ജീപ്പ്‌ കണ്ണില്‍നിന്ന്‌ മറഞ്ഞപ്പോള്‍ രാമേട്ടന്‍ വീണ്ടും സ്വിച്ചിട്ടു. എന്നിട്ട്‌ വര്‍ധിത വീര്യത്തോടെ അലറി.

"രാമനെ തല്ലാന്‍ മാത്രം ഒരു എസ്.ഐയും വളര്‍ന്നിട്ടില്ല.......
എസ്. ഐ അല്ല, അവന്‍റെ മുതുമുത്തച്ചന്‍ ഡി.ജി.പി വന്നാലും രാമന്‍റെ രോമം പോലും തൊടാനാവില്ല!!!!!!